പരിക്ക്: സ്റ്റെയിൻ ഐപിഎല്ലിൽ നിന്ന് പുറത്ത്

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു തിരിച്ചടി. അടുത്തിടെ ടീമിലേക്കെത്തിയ ദക്ഷിണാഫ്രിക്കൻ പേസർ ഡെൽ സ്റ്റെയിൻ പരിക്കേറ്റ് പുറത്തായതാണ് ബാംഗ്ലൂരിനു തിരിച്ചടിയായത്. തോളിനേറ്റ പരിക്കിനെത്തുടർന്നാണ് ഈ 35കാരൻ ടൂർണമെൻ്റിനു പുറത്തായത്.
ഇന്നലെ കിംഗ്സ് ഇലവൻ പഞ്ചാബുമായുള്ള മത്സരത്തിൽ സ്റ്റെയിൻ കളിച്ചിരുന്നില്ല. നിസ്സാര പരിക്കെന്നാണ് ക്യാപ്റ്റൻ വിരാട് കോഹ്ലി പറഞ്ഞതെങ്കിലും പരിക്ക് സാരമുള്ളതാണെന്നും അദ്ദേഹത്തിന് ഇനിയുള്ള മാച്ചുകൾ കളിക്കാനാവില്ലെന്നും വിശദീകരിച്ച് ഇന്ന് ക്ലബ് തന്നെ രംഗത്ത് വന്നു.
പരിക്കേറ്റ ഓസ്ട്രേലിയൻ പേസർ നഥാൻ കോൾട്ടർനൈലിനു പകരം ടീമിലെത്തിയെ സ്റ്റെയിൻ രണ്ട് മത്സരങ്ങളിൽ ആർസിബിക്ക് വേണ്ടി കളത്തിലിറങ്ങി. രണ്ട് മത്സരങ്ങളിൽ നിന്നായി നാലു വിക്കറ്റെടുത്ത സ്റ്റെയിൻ ടീമിൻ്റെ വിജയങ്ങളിൽ നിർണ്ണായക പങ്കു വഹിച്ചിരുന്നു. ടൂർണമെൻ്റിൽ നിന്നുള്ള അദ്ദേഹത്തിൻ്റെ പുറത്താവൽ ബാംഗ്ലൂരിന് വലിയ തിരിച്ചടിയാകും.
അതേ സമയം, തുടർച്ചയായ ആറു തോൽവികളിൽ നിന്ന് രക്ഷപ്പെട്ട റോയൽസ് ചലഞ്ചേഴ്സ് ബാംഗ്ലൂർ അവസാനം കളിച്ച അഞ്ചു മത്സരങ്ങളിൽ നാലിലും ജയം കുറിച്ചു. ഇതോടെ രാജസ്ഥാൻ റോയൽസിനെ മറികടന്ന് പോയിൻ്റ് പട്ടികയിൽ ഏഴാമതെത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here