സിറ്റിയോ ലിവർപൂളോ; പ്രീമിയർ ലീഗ് ഫോട്ടോഫിനിഷിലേക്ക്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആര് കിരീടധാരണം നടത്തുമെന്നത് ഇനിയും വ്യക്തമായിട്ടില്ല. 35 മത്സരങ്ങൾ വീതം പൂർത്തിയായപ്പോൾ 89 പോയിൻ്റുമായി മാഞ്ചസ്റ്റർ സിറ്റിയാണ് തലപ്പത്ത്. വെറും ഒരു പോയിൻ്റ് മാത്രം വ്യത്യാസത്തിൽ ലിവർപൂൾ തൊട്ടു പിന്നിൽ. ഇനിയുള്ള ഏതെങ്കിലും ഒരു കളിയിൽ തോൽക്കുന്ന ടീം മിക്കവാറും കിരീടം അടിയറ വെക്കേണ്ടി വരും. അതുകൊണ്ട് തന്നെ ഒരു ഫോട്ടോഫിനിഷിലേക്കാണ് പ്രീമിയർ ലീഗിൻ്റെ യാത്ര.
ലിവർപൂളിന് കാര്യങ്ങൾ ഇത്തിരി കുഴപ്പമാണ്. ഇനിയുള്ള നാല് മത്സരങ്ങൾ ജയിച്ചാൽ മാത്രം പോര, സിറ്റി ഏതെങ്കിലും കളിയിൽ സമനിലയെങ്കിലുമാവണം. അതിനെക്കാളുപരി സീസണിലെ അവസാന മത്സരം ഓർത്തായിരിക്കും ലിവർപൂളിൻ്റെ ചങ്കിടിക്കുന്നത്. ജയൻ്റ് കില്ലർ എന്ന വിശേഷണമുള്ള വോൾവ്സുമായാണ് ‘റെഡ്സി’ൻ്റെ അവസാന ലീഗ് ഫിക്സ്ചർ. പ്രീമിയർ ലീഗിൻ്റെ എവേ ഫിക്സ്ചറിൽ ലിവർപൂൾ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് ജയിച്ചുവെങ്കിലും എഫ്എ കപ്പിൻ്റെ മൂന്നാം റൗണ്ടിൽ വോൾവ്സ് ലിവർപൂളിനെ തോല്പിച്ചിരുന്നു.
ആഴ്സനൽ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ടോട്ടനം, ചെൽസി. ലിവർപൂളിനെക്കൂടാതെ വോൾവ്സ് തോല്പിച്ച ടീമുകളുടെ പേരുകളാണിത്. വലിയ പേരുകാരിൽ സിറ്റി മാത്രമാണ് വോൾവ്സിൻ്റെ തോൽവിയിൽ നിന്നും രക്ഷപ്പെട്ടത്. സിറ്റി സമനിലയോടെ രക്ഷപ്പെട്ടു. വോൾവ്സിനെതിരെ എവേ മത്സരം ജയിച്ചത് ലിവർപൂളിന് ആശ്വാസമാണ്. ഹോം മത്സരം ആൻഫീൽഡിലാണെന്ന നേട്ടമുണ്ട്. പക്ഷേ, വോൾവ്സിനെ തള്ളിക്കളയാനാവില്ല. തോറ്റാൽ, 29 വർഷത്തെ കിരീട വരൾച്ചയ്ക്ക് വിരാമമിടാമെന്ന അവരുടെ മോഹത്തിന് തിരിച്ചടിയാകുമെന്നുറപ്പ്.
മറുവശത്ത്, മാഞ്ചസ്റ്റർ സിറ്റിക്ക് കാര്യങ്ങൾ കുറച്ചു കൂടി എളുപ്പമാണ്. ബേൺലി, വാറ്റ്ഫോർഡ്, ബ്രൈറ്റൺ, ലെസ്റ്റർ സിറ്റി എന്നീ ടീമുകൾക്കെതിരെയാണ് സിറ്റിയുടെ മത്സരങ്ങൾ. ഇതിൽ ലെസ്റ്ററിനെയാണ് അല്പമെങ്കിലും സിറ്റിക്ക് ഭയക്കേണ്ടത്. എവേ മത്സരത്തിൽ ലെസ്റ്ററിനോട് സിറ്റി പരാജയപ്പെട്ടിരുന്നു. എങ്കിലും സിറ്റിയെ അതത്ര ബാധിക്കാനിടയില്ല. എവേ മാച്ചിൽ ഒരാൾ റെഡ് കാർഡ് കണ്ട് പുറത്തായത് സിറ്റിയെ ബധിച്ചിരുന്നു. അത്തരമൊരു അബദ്ധം ആവർത്തിക്കാതിരുന്നാൽ സിറ്റിക്ക് ലീഗ് കിരീടം തുടർച്ചയായ രണ്ടാം വട്ടവും എത്തിഹാദിലെത്തിക്കാം.
സാധ്യത പെപ്പിൻ്റെ കുട്ടികൾക്കാണ്. ഒരബദ്ധം ആവർത്തിക്കാതിരിക്കുക എന്നത് മാത്രമാണ് സിറ്റി ശ്രദ്ധിക്കേണ്ടത്. എന്നാൽ സിറ്റി അബദ്ധം കാണിക്കുകയും സ്വയം അബദ്ധം കാണിക്കാതിരിക്കുകയും ചെയ്താലാണ് ലിവർപൂളിൻ്റെ സാധ്യത. എന്തായാലും അറിയാൻ ഇനിയും കാത്തിരിക്കുക തന്നെ’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here