വായ്പയെടുത്തു നാടു വിടുന്നവരുടെ പേരു വിവരങ്ങൾ പുറത്തു വിടാൻ സുപ്രീം കോടതിയുടെ ഉത്തരവ്

ബാങ്കുകളിൽ നിന്നു വായ്പയെടുത്തു നാടു വിടുന്നവരുടെ പേരുവിവരങ്ങളും ബാങ്കുകളിൽ നടത്തുന്ന വാർഷിക പരിശോധന റിപ്പോർട്ടും വിവരാവകാശ നിയമ പ്രകാരം പ്രസിദ്ധപ്പെടുത്തണമെന്നു സുപ്രീം കോടതി. വിവരങ്ങൾ നൽകാത്ത റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കെതിരേ കോടതിയലക്ഷ്യ നടപടികൾ ആവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകൻ സുഭാഷ് ചന്ദ്ര അഗർവാൾ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. ഈ വിവരങ്ങൾ പുറത്തുവിടാനുള്ള നിർദേശം പാലിക്കുന്നതിനു കോടതി നൽകുന്ന അവസരമാണിതെന്നും റിസർവ് ബാങ്കിനോടു ജസ്റ്റീസ് എൽ. നാഗേശ്വർ റാവു അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
വായ്പയെടുത്ത് മുങ്ങിയ വൻകിടക്കാർ അടക്കമുള്ളവരുടെ പേര് വിവരങ്ങളും ബാങ്കുകളിൽ എല്ലാ വർഷവും നടത്താറുള്ള പരിശോധന റിപ്പോർട്ടുകളും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നായിരുന്നു റിസർവ് ബാങ്ക് നിലപാടെടുത്തിരുന്നത്. ഈ നിലപാട് റിസർവ് ബാങ്കിനെതിരേ ജയന്തിലാൽ എൻ മിസ്ട്രി നൽകിയ കേസിൽ സുപ്രീം കോടതി തള്ളിയിരുന്നു.
കൂടാതെ, ഇത്തരം വിവരങ്ങൾ മറച്ചുവെക്കാമെന്ന റിസർവ് ബാങ്കിന്റെ നയം പിൻവലിക്കാനും കോടതി നിർദേശിച്ചിരുന്നു. എന്നാൽ, കോടതി നിർദേശം പാലിക്കാതെ നേരത്തെയുള്ള നിലപാട് തുടർന്നതാണ് കോടതിയെ ചൊടിപ്പിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here