ഇരുപത്തിനാല് മണിക്കൂറിനിടെ തീ പിടിച്ചത് എട്ട് തവണ; കാരണം ഇപ്പോഴും അജ്ഞാതം

ഇരുപത്തിനാല് മണിക്കൂറിനിടെ എട്ട് തവണ വീട്ടിൽ പലയിടങ്ങളിലായി തീപിടുത്തം. ഇതിന്റെ കാരണമറിയാതെ ആശങ്കയിലായിരിക്കുകയാണ് മുവാറ്റുപുഴയിലെ ഒരു കുടുംബം.
വൈദ്യുതി ബന്ധവും പാചകകവാതക ബന്ധവും വിച്ഛേദിച്ചിട്ടും തീപിടുത്തം തുടരുന്നതാണ് വീട്ടുകാരെയും നാട്ടുകാരെയും കുഴക്കുന്നത്.
മുവാറ്റുപുഴ വാളകം പഞ്ചായത്തിലെ റാക്കാടുള്ള മിട്ടേഷിന്റെ വീട്ടിലെ അവസ്ഥയാണിത്. കാസർഗോഡ് ജോലി സ്ഥലത്ത് താമസിക്കുന്ന മിട്ടേഷും കുടുംബാംഗങ്ങളും അമ്മ താമസിക്കുന്ന കുടുംബ വീട്ടിലെത്തി രാത്രി സംസാരിച്ചിരിക്കുന്നതിനിടെ കിടപ്പുമറിയിൽ വിരിച്ചിട്ടിരുന്ന സാരിക്ക് തീപിടിച്ചു. ആദ്യം ഇത് കാര്യമായി പരിഗണിച്ചില്ല. അതിന് ശേഷം കട്ടിലിന് തീപിടിച്ചു. പുലർച്ചെ അലമാര കത്തി. വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും പാചകവാതക സിലിണ്ടർ പുറത്തേക്ക് മാറ്റുകയും ചെയ്തു. പൊലീസിലും അഗ്‌നിശമന സേനയെയും വിവരമറിയിച്ചു. സേന വീട്ടിലെത്തി പരിശോധന നടത്തുന്നതിനിടെ വീണ്ടും തീപിടുത്തം. വസ്ത്രങ്ങൾ വെച്ചിരുന്ന സ്ഥലങ്ങളിലാണ് പല തവണ തീപിടിച്ചത്.
ആർക്കും ഇതിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. പുക കണ്ട് പരിശോധിക്കുമ്പോഴാണ് തീപിടുത്തം എല്ലാത്തവണയും ശ്രദ്ധയിൽപ്പെട്ടത്. തീപിടുത്തത്തിന്റെ ശാസ്ത്രീയ കാരണം അന്വേഷിക്കുകയാണ് പൊലീസും. ശത്രുതയുള്ള ആരെങ്കിലും തീപിടിക്കാനായി രാസപദാർഥങ്ങൾ വീട്ടിൽ വിതറിയിരുന്നോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അടുത്തിടെ കുടുംബ വസ്തു ഭാഗം വെച്ചിരുന്നു ഇതിൽ അതൃപ്തിയുള്ള ആർക്കെങ്കിലും തിപിടുത്തത്തിൽ പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here