ബുംറയും ഷമിയുമുൾപ്പെടെ നാല് ക്രിക്കറ്റ് താരങ്ങൾക്ക് അർജ്ജുന പുരസ്കാര ശുപാർശ

ഒരു വനിതാ താരത്തിനും നാല് പുരുഷ താരങ്ങള്‍ക്കും അര്‍ജുന അവാര്‍ഡിന് ശുപാര്‍ശ ചെയ്ത് ബിസിസിഐ. പുരുഷ താരങ്ങളായ മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവര്‍ക്കൊപ്പം വനിതാ ക്രിക്കറ്റ് താരം പൂനം യാദവിനെയും ബിസിസിഐ അര്‍ജുന അവാര്‍ഡിനായി ശുപാര്‍ശ ചെയ്തു.

സുപ്രീം കോടതി നിയമിച്ച കമ്മറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സ്, ബിസിസിഐ എന്നിവര്‍ കൂടിയാലോചിച്ചാണ് ഇവരെ ശുപാര്‍ശ ചെയ്തത്.

2016ല്‍ ഇന്ത്യയ്ക്കായി അരങ്ങേറിയ ബുംറ പരിമിത ഓവര്‍ ക്രിക്കറ്റിലെ ലോക ഒന്നാം നമ്പര്‍ ബൗളറാണ്. 49 ഏകദിനങ്ങളിൽ നിന്ന് 85 വിക്കറ്റുകളും 10 ടെസ്റ്റുകളില്‍ നിന്നും 49 വിക്കറ്റുകളും ബുംറ വീഴ്ത്തിയിട്ടുണ്ട്.

ഇന്ത്യയ്ക്കുവേണ്ടി 2018ല്‍ 68 ടെസ്റ്റ് വിക്കറ്റുകള്‍ വീഴ്ത്തിയ താരമാണ് ഷമി. ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പരയില്‍ ചരിത്രവിജയം നേടിയപ്പോള്‍ ബൗളിങ്ങിന് ചുക്കാന്‍ പിടിച്ചത് ഷമിയായിരുന്നു. ദീര്‍ഘകാലം ഇന്ത്യയുടെ ഏകദിന ടീമില്‍നിന്നും പുറത്തായിരുന്ന ഷമി അടുത്തിടെ മികച്ച തിരിച്ചുവരവും നടത്തി.

ഏകദിന ടീമിലേക്ക് അടുത്തിടെ തിരിച്ചെത്തിയ താരമാണ് രവീന്ദ്ര ജഡേജയും. ടെസ്റ്റ് ടീമിലെ സ്ഥിരസാന്നിധ്യമായ താരത്തിന് സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ കഴിയുന്നുണ്ട്. വനിതാ സ്പിന്നര്‍ പൂനം യാദവ് ലോകത്തിലെ ഏറ്റവും മികച്ച 10 ബൗളര്‍മാരിലൊരാളാണ്. 2018ല്‍ സ്മൃതി മന്ദാനയ്ക്ക് മാത്രമാണ് അര്‍ജുന അവാര്‍ഡ് ലഭിച്ചത്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top