എതിരാളികളില്ലാതെ ബാഴ്സ; മുഴുവൻ സമയ ക്യാപ്റ്റനായതിനു ശേഷം മെസ്സിക്ക് ആദ്യ ലാലിഗ

മൂന്ന് മത്സരങ്ങൾ ബാക്കി നിൽക്കെ ബാഴ്സലോണ ലാലിഗ കിരീടം ഉറപ്പിച്ചു. ഇന്നലെ ലെവൻ്റെയുമായി നടന്ന ഹോം മത്സരത്തിൽ വിജയിച്ചതോടെയാണ് ബാഴ്സ കിരീടം ഉറപ്പിച്ചത്. സൂപ്പർ താരം ലയണൽ മെസ്സി നേടിയ ഒരു ഗോളിനായിരുന്നു ബാഴ്സയുടെ ജയം.
മെസ്സിയും സെർജി റോബർട്ടോയും ബുസ്കെറ്റ്സും ആദ്യ ഇലവനിൽ ഇല്ലാതെയാണ് ഇന്നലെ ബാഴ്സ ഇറങ്ങിയത്. കുട്ടീഞ്ഞോയും സുവാരസും ഡെംബെയുമായിരുന്നു ബാഴ്സ അറ്റാക്കിനു നേതൃത്വം നൽകിയത്. രണ്ടാം പകുതിയിൽ കുട്ടീഞ്ഞോയ്ക്ക് പകരം ഇറങ്ങിയ മെസ്സി 62ആം മിനിട്ടിൽ വിജയ ഗോൾ കണ്ടെത്തി. വിദാലിൻ്റെ അസിസ്റ്റിൽ നിന്നായിരുന്നു മെസ്സിയുടെ ഗോൾ.
26ആം തവണയാണ് ബാഴ്സലോണ ലാലിഗ കിരീടം ഉയർത്തുന്നത്. ഇതോടെ ബാഴ്സലോണ റയൽ മാഡ്രിഡിന്റെ കിരീട നേട്ടത്തോട് കൂടുതൽ അടുക്കുകയാണ്. 33 കിരീടങ്ങളാണ് റയൽ മാഡ്രിഡിനുള്ളത്. അവസാന 11 വർഷങ്ങൾക്ക് ഇടയിൽ ബാഴ്സലോണയുടെ എട്ടാം ലീഗ് കിരീടം കൂടിയാണ് ഇത്. മെസ്സിയുടെ പത്താം കിരീടവും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here