ഇന്‍ഡോനേഷ്യയില്‍ സമാധാനപരമായ തെരഞ്ഞെടുപ്പിനു ശേഷം മരിച്ചത് 272 തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍

ഇന്‍ഡോനീഷ്യയില്‍ സമാധാനപരമായി നടന്ന തെരഞ്ഞെടുപ്പിനു ശേഷം 272 തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഒറ്റദിവസം കൊണ്ട് ലക്ഷകണത്തിന് ബാലറ്റുകള്‍ എണ്ണിത്തീര്‍ക്കേണ്ടി വന്ന ഉദ്യോഗസ്ഥര്‍ അമിത ജോലി ഭാരം കൊണ്ടാണ് മരിച്ചതെന്നാണ് പ്രമുഖ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഒറ്റ ദിവസം കൊണ്ട് വോട്ടെടുപ്പ് പ്രക്രിയ പൂര്‍ത്തീകരിച്ച ലോകത്തിലെ ഏറ്റവും വലിയ ദേശീയ തെരഞ്ഞെടുപ്പാണ് ഇന്‍ഡോനീഷ്യയില്‍ നടന്നത്. ലക്ഷക്കണക്കിന് ബാലറ്റ് പേപ്പറുകള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ എണ്ണിത്തീര്‍ക്കേണ്ടി വന്നതും കൈകൊണ്ടുള്ള വോട്ടെണ്ണല്‍ ഉദ്യോഗസ്ഥരെ അമിതമായി ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാക്കി എന്നുമാണ് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്.
ഇന്‍ഡോനേഷ്യയില്‍ ഏപ്രില്‍ 17 നു നടന്ന തെരഞ്ഞെടുപ്പില്‍ 193 മില്യണ്‍ വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്തിയത്. 800000 പോളിങ് സ്റ്റേഷനുകളിലായി 80 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. ബാലറ്റ് പേപ്പര്‍ വഴി നടന്ന തെരഞ്ഞെടുപ്പ് തികച്ചും സമാധാനപരമായിരുന്നു എന്നുള്ളത് ലേക ശ്രദ്ധ നേടിയിരുന്നു.
എന്നാല്‍, അമിത ജോലിഭാരം മൂലമുണ്ടായ അസുഖങ്ങള്‍ മൂലം 272 ഉദ്യോഗസ്ഥര്‍ മരിച്ചതായും ,878 ഉദ്യോഗസ്ഥര്‍ അസുഖ ബാധിതരായെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ വക്താവായ അരീഫ് പ്രിയോ സുസാന്റോ വ്യക്തമാക്കി.
ശാരീരിക അവശതകള്‍ നേരിടുന്ന ഉദ്യോഗസ്ഥര്‍ക്ക് മികച്ച ചികിത്സ നല്‍കണമെന്ന് ഇതിനോടകം ഉത്തരവും ഇറങ്ങി. മരിച്ച ഉദ്യോഗസ്ഥരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള തയ്യാറെടുപ്പും ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നും ഉത്തരവുണ്ട്. നിസവില്‍ തെരഞ്ഞെടുപ്പ് കമ്മീഷനു നേരെ വ്യാപക വിമര്‍ശനമാണുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here