ശശി തൂരിന്റെ പ്രചാരണത്തിൽ വീഴ്ച സമ്മതിച്ച് കെ മുരളീധരൻ

തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിന്റെ പ്രചാരണത്തിൽ വീഴ്ച സമ്മതിച്ച് കെ മുരളീധരൻ. ശശി തരൂരിന്റെ പ്രചാരണത്തിൽ മെല്ലെപ്പോക്ക് ഉണ്ടായിരുന്നെന്ന് കെ മുരളീധരൻ ട്വന്റിഫോറിനോട് പറഞ്ഞു. എങ്കിലും വിജയം തരൂരിനായിരിക്കും. വടകരയിൽ ആർഎംപിയും വെൽഫെയർ പാർട്ടിയും തന്നെ നന്നായി സഹായിച്ചെന്നും മുരളീധരൻ വ്യക്തമാക്കി.
വടകരയിൽ താൻ സ്ഥാനാർത്ഥിയായതോടെ വട്ടിയൂർക്കാവിലും പ്രചാരണത്തെ ബാധിച്ചു. വടകരയിൽ ജയിച്ചാലും വട്ടിയൂർക്കാവിന്റെ വികസനം പൂർത്തിയാക്കും. ആർഎംപിയുടേയും വെൽഫെയർ പാർട്ടിയുടേയും സഹായം ഗുണം ചെയ്യുമെന്നും മുരളീധരൻ പറഞ്ഞു. വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിന് അനുകൂലമാകാൻ ഇടയാക്കിയെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.
ശശി തരൂരിന്റെ പ്രചാരണത്തിൽ വീഴ്ച സംഭവിച്ചതായി തുടക്കത്തിൽ തന്നെ ആരോപണം ഉയർന്നിരുന്നു. മുതിർന്ന കോൺഗ്രസ് നേതാക്കൾ പ്രചാരണ രംഗത്തുനിന്നും വിട്ടു നിൽക്കുന്നുവെന്ന് ആരോപിച്ച് ശശി തരൂർ ഹൈക്കമാൻഡിന് പരാതി നൽകിയിരുന്നു. പ്രധാനമായും ഐ ഗ്രൂപ്പ് നേതാക്കൾക്കെതിരെയായിരുന്നു പരാതി. എന്നാൽ ആരോപണം തള്ളി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. ആരോപണം ശക്തമായ പശ്ചാത്തലത്തിൽ ഹൈക്കമാൻഡ് തിരുവനന്തപുരത്ത് പ്രത്യേക നിരീക്ഷകനെ നിയോഗിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here