Advertisement

മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടേയും ഓഫീസും പരിസരവും മോടി പിടിപ്പിക്കാന്‍ സര്‍ക്കാര്‍ ചെലവിടുന്നത് ഒരു കോടി രൂപ

April 29, 2019
1 minute Read

പ്രളയ ബാധിതര്‍ക്കുള്ള ധനസഹായവും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ഡിഎ കുടിശികയും നല്‍കിയിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് പരിസരവും ചീഫ് സെക്രട്ടറിയുടെ ഓഫീസും മോടി പിടിപ്പിക്കാന്‍ സര്‍ക്കാര്‍ ചെലവിടുന്നത് ഒരു കോടിയോളം രൂപ.

ടെണ്ടര്‍ നടപടികള്‍ ഒഴിവാക്കി പ്രവൃത്തികള്‍ ആരംഭിക്കാന്‍ പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ പുറപ്പെടുവിച്ച ഉത്തരവുകളുടെ പകര്‍പ്പ് ട്വന്റി ഫോറിന് ലഭിച്ചു.

 

 

പ്രളയദുരിതത്തില്‍പ്പെട്ട പലര്‍ക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ച പതിനായിരം രൂപ ഇനിയും ലഭിച്ചിട്ടില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും തെരഞ്ഞെടുപ്പു കാലത്ത് പണമായി നല്‍കുമെന്ന് വാഗ്ദാനം ചെയ്ത ഡി എ കുടിശിക ഈ മാസ ശമ്പളത്തിനൊപ്പമില്ല .എപ്പോള്‍ നല്‍കുമെന്ന് പറയാനാവുന്നുമില്ല. ഇവ രണ്ടു നല്‍കാന്‍ കഴിയാത്തത് സാമ്പത്തിക പ്രതിസന്ധിയാണെന്നാണ് സര്‍ക്കാര്‍ വാദം.

എന്നാല്‍, മുഖ്യമന്ത്രിയുടെ ഓഫീസിനു മുന്നിലെ ഇടനാഴിയും ചീഫ് സെക്രട്ടറിയുടെ ഓഫീസും മോടിപിടിപ്പിക്കാന്‍ സര്‍ക്കാര്‍ ചെലവിടുന്നത് ഒരു കോടിയോളം രൂപ. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ടെണ്ടര്‍ നടപടികളോ കരാര്‍ നടപടികളോ സ്വീകരിച്ചിട്ടില്ല.

ഇതിനോടകം പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ഭരണാനുമതി നല്‍കി ഉത്തരവുകളും പുറപ്പെടുവിച്ചു.  ഏപ്രില്‍ 22 ലെ ആദ്യ ഉത്തരവ് ചീഫ് സെക്രട്ടറിയുടെ ഓഫീസ് മോടി കൂട്ടാനുള്ള 60,95,000 രൂപയുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കിയുള്ളതാണ്. അതേ ദിവസത്തെ അടുത്ത ഉത്തരവ് ചീഫ് സെക്രട്ടറിയുടെ സന്ദര്‍ശക മുറി മോടിപിടിപ്പിക്കാന്‍ 6,83,000 രൂപയുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കുന്നതും.

അന്ന് തന്നെ മൂന്നാം ഉത്തരവുമിറങ്ങി. ചീഫ് സെക്രട്ടറിയുടെ മുറിക്കു മുന്നിലെ ഇടനാഴി മിനുക്കാന്‍ 6, 24,000 രൂപയുടെ പ്രവൃത്തികള്‍ക്കുള്ള ഭരണാനുമതി .26 നാണ് മുഖ്യമന്ത്രിയുടെ ഓഫീസിനു മുന്നിലെ ഇടനാഴി മോടി കൂട്ടാന്‍ 12,48,000 രൂപയുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കി ഉത്തരവിറങ്ങിയത്. നവകേരള നിര്‍മിതിക്ക് മുണ്ടു മുറുക്കിയുടുക്കാന്‍ ജനങ്ങളോട് സര്‍ക്കാര്‍ ആഹ്വാനം ചെയ്യുന്നതിനിടെയാണ് ഓഫീസ് മോടി കൂട്ടലിനായി ഇത്രയധികം പണം ചെലവഴിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top