ഉപയോഗിച്ച പാഡ് ശുചിമുറിയിൽ ; യൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽ പെൺകുട്ടികളെ നഗ്നരാക്കി പരിശോധിച്ചതിനെതിരെ പ്രതിഷേധം

ഹോസ്റ്റലിലെ ശുചിമുറിയിൽ നിന്നും ഉപയോഗിച്ച സാനിറ്ററി പാഡ് കണ്ടെത്തിയതിനെ തുടർന്ന് പെൺകുട്ടികളെ നഗ്നരാക്കി പരിശോധന നടത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. പഞ്ചാബിലെ ബത്തിൻഡയിൽ സ്വകാര്യ യൂണിവേഴ്‌സിറ്റിയിലാണ് സംഭവം. ഹോസ്റ്റലിലെ ശുചിമുറിയിൽ നിന്നും ഉപയോഗിച്ച സാനിറ്ററി പാഡ് കണ്ടെത്തിയെന്ന് ആരോപിച്ച് ഹോസ്റ്റൽ ജീവനക്കാർ താമസക്കാരായ പെൺകുട്ടികളെ നഗ്നരാക്കി പരിശോധന നടത്തിയെന്നാണ് പരാതി. സംഭവത്തിൽ കുറ്റക്കാരായ ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാർത്ഥിനികൾ രംഗത്തിറങ്ങിയിരിക്കുന്നത്.
സംഭവം ആദ്യം നിഷേധിച്ച യൂണിവേഴ്‌സിറ്റി അധികൃതർ പ്രതിഷേധം വ്യാപകമായതോടെ നാല് ഹോസ്റ്റൽ ജീവനക്കാരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു. വനിതകളായ രണ്ട് സുരക്ഷാ ജീവനക്കാരെയും രണ്ട് ഹോസ്റ്റൽ വാർഡൻമാരെയുമാണ് സസ്‌പെൻഡ് ചെയ്തത്. എന്നാൽ സംഭവത്തിൽ കുറ്റക്കാരായ ഹോസ്റ്റൽ ജീവനക്കാർക്കെതിരെ നടപടി വൈകിപ്പിക്കാൻ യൂണിവേഴ്‌സിറ്റി അധികൃതർ ശ്രമിച്ചുവെന്നാണ് വിദ്യാർത്ഥിനികളുടെ ആരോപണം. നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റിക്ക് പുറത്തേക്കും സമരം വ്യാപിപ്പിക്കാനാണ് ഇവരുടെ തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here