കള്ളവോട്ട്; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകുമെന്ന് ടിക്കാറാം മീണ

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ കള്ളവോട്ട് നടന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പ്രാഥമിക റിപ്പോർട്ട് നൽകുമെന്ന് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ.കള്ളവോട്ട് നടന്നതിനെപ്പറ്റി കണ്ണൂരിൽ നിന്ന് പ്രാഥമിക റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. കാസർകോട് നിന്നുള്ള റിപ്പോർട്ടും ഉടൻ പ്രതീക്ഷിക്കുന്നു. കുറ്റം ചെയ്തുവെന്ന് തെളിഞ്ഞാൽ ഇന്ത്യൻ ശിക്ഷാ നിയമവും ജനപ്രാതിനിധ്യ നിയമവും അനുസരിച്ച് ശക്തമായ നടപടി സ്വീകരിക്കുമെന്നും ടിക്കാറാം മീണ പറഞ്ഞു.
കാസർകോട് ലോക്സഭാ മണ്ഡലത്തിൽ കള്ളവോട്ട് നടന്നതിന്റെ ദൃശ്യങ്ങൾ കോൺഗ്രസ് നേരത്തെ പുറത്തു വിട്ടിരുന്നു.കാസർകോട് മണ്ഡലത്തിൽ ഉൾപ്പെടുന്ന കണ്ണൂർ ജില്ലയിലെ പിലാത്തറ എ.യു.പി സ്‌ക്കൂളിലെ 19ാം നമ്പർ ബൂത്തിൽ കള്ളവോട്ട് നടന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഒരാൾ തന്നെ രണ്ടു തവണ വോട്ട് ചെയ്യുന്നതും മറ്റു ബൂത്തുകളിലെ വോട്ടർമാർ ഇവിടെയെത്തി വോട്ടു ചെയ്യുന്ന ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. 774-ാംനമ്പർ വോട്ടറായെത്തിയ സ്ത്രീ രണ്ട് തവണ വോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്. ഇതിനിടെ മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് സിപിഎം പ്രവർത്തകൻ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളും കോൺഗ്രസ് ഇന്ന് പുറത്തുവിട്ടിരുന്നു. അതേ സമയം കാസർകോട് ഉദുമയിൽ മുസ്ലീം ലീഗ് നേതാവിന്റെ നേതൃത്വത്തിൽ പ്രിസൈഡിങ് ഓഫീസറെ ഭീഷണിപ്പെടുത്താനും ബൂത്ത് പിടിക്കാനും ശ്രമിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here