കാസർഗോഡ് മണ്ഡലത്തിൽ കള്ളവോട്ട് നടന്നുവെന്ന് സാക്ഷ്യപ്പെടുത്തൽ; തന്റെ വോട്ട് മറ്റാരോ ചെയ്തുവെന്ന് യുവതി

കാസർഗോഡ് മണ്ഡലത്തിലെ പോളിംഗ് ബൂത്തിൽ കള്ളവോട്ട് നടന്നുവെന്ന് സാക്ഷ്യപ്പെടുത്തി ഷാലറ്റ് എന്ന യുവതി. പിലാത്തറ എയുപി സ്‌കൂളിൽ കള്ളവോട്ട് നടന്നെന്ന് സാക്ഷ്യപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത് വോട്ട് നിഷേധിക്കപ്പെട്ട ഷാലറ്റാണ്.
തനിക്ക് വോട്ട് ചെയ്യാൻ കഴിഞ്ഞില്ലെന്നും തന്റെ വോട്ട് മറ്റാരോ ചെയ്തുവെന്നും ഷാലറ്റ് ട്വന്റിഫോറിനോട് പറഞ്ഞു.വൈകീട്ട് 4.45നാണ് പിലാത്തറ എയുപി സ്‌കൂളിൽ താൻ വോട്ട് ചെയ്യാനെത്തിയതെന്നും ഷാലറ്റ് പറഞ്ഞു. എന്നാൽ തനിക്ക് മുന്നേ തന്റെ വോട്ട് മറ്റാരോ രേഖപ്പെടുത്തിയെന്ന് ഷാലറ്റ് പറഞ്ഞു.
Read Also : കാസർകോട് മണ്ഡലത്തിൽ കള്ളവോട്ട് നടന്നു; ദൃശ്യങ്ങൾ പുറത്ത്
കള്ളവോട്ടുമായി ബന്ധപ്പെട്ട് പുറത്തുവന്ന ദൃശ്യങ്ങളിൽ വോട്ട് ചെയ്യാനാകാതെ മാറി നിന്നത് താൻ തന്നെയെന്നും ഷാലറ്റ് പറഞ്ഞു. പിന്നീട് പ്രിസൈഡിംഗ് ഓഫീസർ ടെൻഡേഡ് വോട്ട് ചെയ്യാമെന്ന് പറഞ്ഞിരുന്നുവെങ്കിലും ആ സൗകര്യം ഷാലറ്റ് ഉപയോഗിച്ചില്ല.
വൈകീട്ട് 4 മണിക്ക് ശേഷം തന്നെ ബൂത്തിലിരിക്കാൻ അനുവദിച്ചില്ലെന്ന് ഇതേ സ്കൂളിലെ 17 ആം നമ്പർ ബൂത്തിലെ യു.ഡി.എഫ് ബൂത്ത് ഏജൻറ് രാമചന്ദ്രൻ. വോട്ടേഴ്സ് ലിസ്റ്റ് കീറി കളഞ്ഞ ശേഷം തന്നെ ബലമായി ഇറക്കിവിടുകയായിരുന്നു. 17 ആം നമ്പർ ബൂത്തിൽ മാത്രം അറുപതിലേറെ കള്ളവോട്ട് നടന്നിട്ടുണ്ടെന്നും മറ്റ് ബൂത്തുകളിലും സമാനമായ സ്ഥിതിയാണെന്നും രാമചന്ദ്രൻ ആരോപിച്ചു.
ഇന്നലെയാണ് കാസർഗോഡ് മണ്ഡലത്തിൽ കള്ളവോട്ട് നടന്നതിന്റെ ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിടുന്നത്. കാസർകോട് മണ്ഡലത്തിൽ ഉൾപ്പെടുന്ന കണ്ണൂർ ജില്ലയിലെ പിലാത്തറ എ.യു.പി സ്‌ക്കൂളിലെ 19ാം നമ്പർ ബൂത്തിൽ കള്ളവോട്ട് നടന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഒരാൾ തന്നെ രണ്ടു തവണ വോട്ട് ചെയ്യുന്നതും മറ്റു ബൂത്തുകളിലെ വോട്ടർമാർ ഇവിടെയെത്തി വോട്ടു ചെയ്യുന്ന ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.. 774ാംനമ്പർ വോട്ടറായെത്തിയ സ്ത്രീ രണ്ട് തവണ വോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്. സംഭവത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here