ഐഎസ് ബന്ധം സംശയിക്കുന്ന കൊല്ലം സ്വദേശിക്കായി വലവിരിച്ച് എന്‍ഐഎ

ഐഎസ് ബന്ധം സംശയിക്കുന്ന കൊല്ലം സ്വദേശിക്കായി വലവിരിച്ച് എന്‍ഐഎ. ശ്രീലങ്കന്‍ സ്ഫോടനുമായി ബന്ധപ്പെട്ട് പാലക്കാട് നിന്നും അറസ്റ്റിലായ റിയാസുമായി ഇയാള്‍ക്ക് ബന്ധം ഉണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. അതേസമയം ഇയാള്‍ വിദേശത്താണെന്ന സൂചനയും ലഭിച്ചിട്ടുണ്ട്.
കൊല്ലം ചന്ദനത്തോപ്പ് സ്വദേശി സനോഫറിന് വേണ്ടിയാണ് അന്വേഷണം നടക്കുന്നത്. ഐഎസ് ബന്ധമുള്ള മലയാളികളുമായി ഇയാള്‍ക്ക് അടുപ്പമുണ്ടെന്ന് എന്‍ഐഎക്ക് വിവരം ലഭിച്ചിട്ടുണ്ട്. പാലക്കാട് അറസ്റ്റിലായ റിയാസിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് സനോഫറിനെപ്പറ്റിയുള്ള വിവരം ലഭിക്കുന്നത്. എന്‍ഐഎ സംഘം ഇയാളുടെ കൊല്ലം ചന്ദനത്തോപ്പിലെ വീട്ടിലും കണ്ണൂര്‍ മട്ടന്നൂരിലെ ഭാര്യ വീട്ടിലും പരിശോധന നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ ഇയാള്‍ വിദേശത്താണെന്ന് ബന്ധുക്കള്‍ ഉദ്യോഗസ്ഥരെ അറിയിച്ചു.
അതേസമയം റിയാസ് നടത്താനുദ്ദേശിച്ച ചാവേറാക്രമണവുമായി സനോഫറിന് നേരിട്ട് ബന്ധം ഉണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് എന്‍ഐഎ അറിയിച്ചു. വിദേശത്ത് ഇയാള്‍ ജോലി ചെയ്യുന്ന സ്ഥലം കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കാനാണ് നീക്കം. കണ്ണൂര്‍ മട്ടന്നൂരില്‍ നിന്നും വിവാഹം കഴിച്ചതോടെയാണ് ഐഎസ് ബന്ധമുള്ള മലയാളികളുമായി സനോഫര്‍ അടുത്തതെന്ന് എന്‍ഐഎ കരുതുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here