ബാബരി മസ്ജിദ് തകർത്തതിൽ അഭിമാനമെന്ന പരാമർശം; പ്രജ്ഞാ സിംഗിന് വിലക്ക്

മാലേഗാവ് സ്ഫോടനക്കേസ് പ്രതിയും ഭോപ്പാലിലെ ബിജെപി സ്ഥാനാർഥിയുമായ പ്രജ്ഞാ സിംഗ് താക്കൂറിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. 72 മണിക്കൂർ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്നാണ് പ്രജ്ഞയെ കമ്മീഷൻ വിലക്കിയത്. ബാബറി മസ്ജിദ് വിഷയത്തിൽ നടത്തിയ വിവാദ പരാമർശത്തിന്റെ പേരിലാണു വിലക്ക്.
ബാബറി മസ്ജിദ് തകർത്തതിൽ തനിക്ക് ഖേദമില്ലെന്നും അതിൽ അഭിമാനിക്കുന്നുവെന്നുമായിരുന്നു പ്രജ്ഞാ സിംഗിന്റെ പ്രസ്താവന. ബാബറി മസ്ജിദ് തകർത്തതിൽ എന്തിന് നാം പശ്ചാത്തപിക്കണം വാസ്തവത്തിൽ ഞങ്ങൾ അതിൽ അഭിമാനിക്കുകയാണ്. രാമക്ഷേത്രത്തിൽ ചില മാലിന്യങ്ങൾ ഉണ്ടായിരുന്നു. തങ്ങളത് നീക്കം ചെയ്തു. ശ്രേഷ്ഠമായ ഒരു രാമക്ഷേത്രം അവിടെ പടുത്തുയർത്തും. ഇത് നമ്മുടെ രാജ്യത്തിന്റെ ആത്മാഭിമാനത്തെ ഉയർത്തുമെന്നും അഭിമുഖത്തിൽ പ്രജ്ഞാ സിംഗ് പറഞ്ഞു.
രാജ്യത്തിന്റെ ആത്മാഭിമാനത്തിനായി ഹിന്ദുക്കൾ ഉണർന്നതാണ് ബാബറി മസ്ജിദിന്റെ തകർച്ചയ്ക്കു കാരണമെന്നും അവർ കൂട്ടിച്ചേർത്തു. ഈ രാജ്യത്തല്ലാതെ വേറെ എവിടെയാണ് രാമക്ഷേത്രം നിർമിക്കുക എന്നും പ്രജ്ഞാ സിംഗ് ചോദിച്ചു. ഇത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നു വിധിച്ചാണു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.
നേരത്തെ, വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടിയിരുന്നെങ്കിലും തന്റെ പരാമർശം അടർത്തിമാറ്റി ഉപയോഗിച്ചു എന്നായിരുന്നു അവരുടെ നിലപാട്. വിവാദ പരാമർശത്തിൽ പ്രജ്ഞയ്ക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മഹാരാഷ്ട്ര എടിഎസ് തലവൻ ഹേമന്ദ് കർക്കറെയ്ക്കെതിരേയും നേരത്തെ പ്രജ്ഞാ സിംഗ് രംഗത്ത് വന്നിരുന്നു. കർക്കറയെ താൻ ശപിച്ചുകൊന്നതാണെന്നാണ് പ്രജ്ഞാ സിംഗ് പറഞ്ഞത്. മാലേഗാവ് സ്ഫോടനക്കേസിൽ പ്രജ്ഞാ സിംഗിനെതിരെ കേസെടുത്തത് കർക്കറെയായിരുന്നു. കർക്കറെയ്ക്കെതിരായ വിവാദപരാമർശനത്തിന് അവർ മാപ്പ് പറഞ്ഞിരുന്നു.
ഭോപ്പാലിൽ മുതിർന്ന കോണ്ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗിനെതിരേയാണ് പ്രജ്ഞ മത്സരിക്കുന്നത്. മുപ്പതുവർഷമായി ബിജെപി മാത്രമാണ് ഭോപ്പാലിൽ ജയിച്ചുവരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here