ഇതിനും മേലെ ലിവർപൂളിന് കളിക്കാനാവില്ലെന്ന് ലിവർപൂൾ പരിശീലകൻ

ചാമ്പ്യൻസ് ലീഗ് സെമി ആദ്യ പാദത്തിൽ തോൽവി വഴങ്ങിയതിനു പിന്നാലെ ബാഴ്സലോണയെ പ്രകീർത്തിച്ച് ലിവർപൂൾ പരിശീലകൻ യുർഗൻ ക്ലോപ്പ്. ഇന്നലെ കളിച്ചതിനെക്കാൾ നന്നായി ലിവർപൂളിന് കളിക്കാൻ കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
തന്റെ ടീമിന്റെ ഇതുവരെ ഉള്ള ഏറ്റവും മികച്ച പ്രകടനമായിരുന്നു ഇത്. പക്ഷെ അത് വന്നത് ബാഴ്സലോണക്ക് എതിരെ ആയി എന്നത് സങ്കടകരം ആണ്. ബാഴ്സലോണ അത്രയ്ക്ക് വലിയ ടീമാണെന്നും ക്ലോപ്പ് പറഞ്ഞു.
“മെസ്സിയുടെ ഫ്രീകിക്ക് ഒരു വിധത്തിലും തടയാൻ ആകുമായിരുന്നില്ല. ആ ഫ്രീ കിക്ക് ഒഴികെ മെസ്സിയെ നന്നായി ഡിഫൻഡ് ചെയ്യാൻ ലിവർപൂളിനായി. ചില സമയങ്ങളിൽ മെസ്സി എത്ര വലിയ താരമാണ് എന്ന് എല്ലാവരും അംഗീകരിച്ച് അദ്ദേഹത്തെ വണങ്ങേണ്ടതുണ്ട്”- ക്ലോപ്പ് കൂട്ടിച്ചേർത്തു.
ഇന്നലെ നല്ല പ്രകടനം കാഴ്ച വെച്ചിട്ടും ലിവർപൂൾ പരാജയപ്പെട്ടിരുന്നു. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ക്യാമ്പ് നൂയിൽ ലിവർപൂളിൻ്റെ പരാജയം. മെസ്സിയുടെ ഇരട്ട ഗോളുകളായിരുന്നു മത്സരത്തിലെ സവിശേഷത. ബാക്കിയുള്ള ഒരു ഗോൾ നേടിയത് ലൂയിസ് സുവാരസായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here