വയനാട് പ്രസംഗത്തിൽ ചട്ടലംഘനമില്ല; മോദിക്ക് നാലാം ക്ലീൻ ചിറ്റ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വയനാട് പ്രസംഗത്തിൽ ചട്ട ലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതോടെ തുടർച്ചയായ നാലാം ദിവസം നാലാം ക്ലീൻ ചിറ്റാണു മോദിക്ക് കമ്മീഷൻ നൽകുന്നത്. കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരായ പരാമർശത്തിലാണ് ഇക്കുറി ക്ലീൻ ചിറ്റ്.
ന്യൂനപക്ഷം ഭൂരിപക്ഷമായ ഒരു മണ്ഡലമാണ് രാഹുൽ മത്സരിക്കാൻ തെരഞ്ഞെടുത്തതെന്നും ഇത് മൈക്രോസ്കോപ്പ് വച്ചാണ് കണ്ടുപിടിച്ചതെന്നുമായിരുന്നു മോദിയുടെ പരാമർശം. രാഹുൽ മത്സരിക്കുന്ന വയനാട് മണ്ഡലത്തെയും ഇവിടുത്തെ മുസ്ലിം, ക്രിസ്ത്യൻ വോട്ടർമാരെയും ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ വർഗീയത കലർന്ന പരാമർശം. മഹാരാഷ്ട്രയിലെ നാന്ദഡിൽ കഴിഞ്ഞ മാസം ആറിന് നടത്തിയ പ്രസംഗത്തിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി ലഭിച്ചെങ്കിലും ഇതിൽ കുറ്റമില്ലെന്ന് കമ്മീഷൻ നിലപാട് സ്വീകരിക്കുകയായിരുന്നു.
നേരത്തെ മൂന്നു പരാതികളിൽ മോദിക്കു ക്ലീൻ ചിറ്റ് നൽകി കമ്മീഷൻ തീർപ്പാക്കിയിരുന്നു. പാക്കിസ്ഥാനെതിരായ അണ്വായുധവുമായി ബന്ധപ്പെട്ട പരാമർശത്തിലും ജമ്മു കാഷ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സിആർപിഎഫ് ജവാൻമാരുടെ പേരിൽ കന്നിവോട്ടർമാരോടു വോട്ടു ചോദിച്ചതിലും കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതു സംബന്ധിച്ച് നടത്തിയ പ്രസ്താവനയിലുമാണ് തെരഞ്ഞെടുപ്പു കമ്മീഷൻ മോദിക്കു ക്ലീൻ ചിറ്റ് നൽകിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here