കോഴിക്കോട് വാടക വീട്ടിൽ ഒഡീഷ സ്വദേശിനിയും മകളും മരിച്ച നിലയിൽ

കോഴിക്കോട് മാങ്കാവിനടുത്ത് തൃശാലക്കുളത്ത് വാടക വീട്ടിൽ ഒഡീഷ സ്വദേശിനിയായ യുവതിയേയും മകളേയും തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഒഡീഷ സ്വദേശിയായ അനിൽ ബിക്കാരി ദാസിന്റെ ഭാര്യ രൂപാലിയ (22) മകൾ ആരാധ്യ (3) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കസബ പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. തഹസീദാറിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
ഇന്നലെ വൈകീട്ട് അഞ്ചരോടെയാണ് സംഭവം. അനിൽ ബിക്കാരി ജോലി കഴിഞ്ഞ് എത്തുമ്പോൾ വീട് അകത്തുനിന്നും പൂട്ടിയ നിലയിൽ ആയിരുന്നു. വാതിൽ ചവിട്ടി തുറന്ന് അകത്തു കയറി പരിശോധിച്ചപ്പോൾ കത്തിക്കരിഞ്ഞ നിലിൽ രൂപാലിയേയും മകളേയും കണ്ടെത്തുകയായിരുന്നു. നിയന്ത്രണം വിട്ട അനിൽ ബഹളംവെച്ച് വീട്ടിൽ നിന്നും ഇറങ്ങിയോടി. നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്. രൂപാലിയുമായി കുടുംബ പ്രശ്‌നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് അനിൽ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. നാല് മാസം മുൻപാണ് അനിലും കുടുംബവും തൃശാലക്കുളത്ത് വാടകയ്ക്ക് താമസത്തിന് എത്തിയത്. കസബ പൊലീസ് അസ്വാഭിവ മരണത്തിനാണ് കേസ് എടുത്തിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here