പ്രിയങ്ക വാരാണസിയിൽ മത്സരിക്കാത്തത് മറ്റു മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനെന്ന് സാം പിത്രോഡ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രിയങ്ക ഗാന്ധി വാരാണസിയിൽ മത്സരിക്കാത്തത് മറ്റു മണ്ഡലങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സാം പിത്രോഡ. മോദിയെ വാരാണസിയിൽ പരാജയപ്പെടുത്താൻ കഴിയില്ലെന്ന് ഉറപ്പുള്ളതു കൊണ്ടാണോ പ്രിയങ്ക മത്സരിക്കുന്നില്ലെന്ന് തീരുമാനിച്ചതെന്ന് ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു പിത്രോഡ.
മത്സരിക്കുന്ന കാര്യം അവരുടെ വ്യക്തിപരമായ തീരുമാനമാണെന്ന് താൻ നേരത്തെ പറഞ്ഞിരുന്നു. അത് പാർട്ടിയും വ്യക്തിയും തമ്മിലുണ്ടാവേണ്ട തീരുമാനമാണ്. പാർട്ടിയും വ്യക്തിയും ഒരുമിച്ചൊരു തീരുമാനമെടുത്താൽ തങ്ങൾ അതിനെ പിന്തുണക്കേണ്ടതുണ്ടെന്നും പിത്രോഡ പറഞ്ഞു. പ്രിയങ്കയുടെ സമയവും കഴിവും 20 സീറ്റുകളിലുമായി കേന്ദ്രീകരിക്കുന്നതിന് പകരം അത് ഒരു സീറ്റിലേക്ക് മാത്രമായി ഒതുക്കുന്നത് നല്ലതല്ലെന്ന് അവർക്ക് തോന്നിക്കാണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മോദിക്കെതിരെ വാരാണസിയിൽ നിന്നും മത്സരിക്കുന്നില്ലെന്ന തീരുമാനത്തിനു പിന്നാലെ പ്രിയങ്കയ്ക്കെതിരെ വ്യാപകമായ വിമർശനങ്ങളുയർന്നിരുന്നു. കിഴക്കൻ ഉത്തർപ്രദേശിലെ 20 മണ്ഡലങ്ങളുടെ ചുമതല പ്രിയങ്ക ഗാന്ധിക്കാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here