പാട്ടക്കുടിശിക പിരിക്കാതെ സർക്കാർ; സർക്കാരിന് കിട്ടാനുള്ളത് 1155 കോടി രൂപ

പാട്ടക്കാലാവധി കഴിഞ്ഞിട്ടും പാട്ടക്കുടിശിക പിരിക്കാൻ സംസ്ഥാന സർക്കാരിനു വിമുഖത. കാലാവധി കഴിഞ്ഞ 415 ഭൂമി പാട്ടത്തിലൂടെ സർക്കാരിനു ലഭിക്കാനുള്ളത് 1155 കോടി രൂപ. ക്ലബുകൾ, എസ്‌റ്റേറ്റുകൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നാണ് പാട്ടക്കുടിശിക പിരിച്ചെടുക്കാനുള്ളത്. പ്രളയവും സാമ്പത്തിക പ്രതിസന്ധിയുമുണ്ടായി സംസ്ഥാനത്തിന്റെ നട്ടെല്ലൊടിഞ്ഞിട്ടും കുടിശിക പിരിക്കാൻ നടപടിയൊന്നുമുണ്ടായില്ല.
സർക്കാരിൽ നിന്നും ഭൂമി പാട്ടത്തിനെടുക്കുകയും എന്നാൽ കാലാവധി കഴിഞ്ഞിട്ടും പാട്ടത്തുക നൽകാതിരിക്കുകയും ചെയ്തതിലൂടെയാണ് 1155 കോടി സർക്കാരിനു നഷ്ടപ്പെടുന്നത്. മെട്രോ നഗരങ്ങളിലെ ആഡംബര ക്ലബുകൾ, സർക്കാരിൽ നിന്നും കൃഷിക്കായി ഭൂമി പാട്ടത്തിനെടുത്ത എസ്‌റ്റേറ്റ് ഉടമകൾ, വിദ്യാഭ്യാസത്തിനായി ഭൂമി ലഭിച്ച ട്രസ്റ്റുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയാണു പാട്ടത്തുക സർക്കാരിനു അടയ്ക്കാതിരിക്കുന്നത്.
ഇതിൽ 415 കേസുകളിൽ പാട്ടക്കാലാവധി കഴിഞ്ഞിട്ടും തുക അടച്ചിട്ടില്ലെന്നതാണ് വിചിത്രം. ഈ കേസുകളിൽ മാത്രമാണ് 1155 കോടി രൂപ സർക്കാരിനു ലഭിക്കാനുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ എറണാകുളം ജില്ലയിലാണ്. 585.41 കോടി രൂപയാണ് ജില്ലയിൽ നിന്നും പാട്ടക്കാലവധി കഴിഞ്ഞിട്ടും ലഭിക്കാനുള്ളത്. ആലപ്പുഴയിലാണ് ഏറ്റവും കുറവ്. 31.9 ലക്ഷം രൂപ. 43 എസ്‌റ്റേറ്റുകൾ കാലാവധി കഴിഞ്ഞിട്ടും തുക നൽകിയിട്ടില്ലെന്ന് രേഖകൾ തെളിയിക്കുന്നു. പലതിനും ഹെക്ടറിനു 1500 രൂപയിൽ താഴെ മാത്രമാണ് പാട്ടത്തുക. മൂന്നു വർഷത്തിലൊരിക്കൽ പാട്ടത്തുക പുതുക്കണമെന്നാണ് ചട്ടം. എന്നാൽ അതും നടന്നിട്ടില്ല.
പ്രളയത്തെ തുടർന്നുള്ള നവകേരള നിർമ്മാണത്തിനു പണമില്ലാതെ വലയുമ്പോഴും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമ്പോഴും ഈ തുക തിരിച്ചു പിടിക്കാൻ സർക്കാർ തയാറാകുന്നില്ല. വർഷങ്ങളായി പാട്ടത്തുക നൽകാത്ത ആഢംബര ക്ലബുകൾ തലസ്ഥാനത്തും എറണാകളുത്തും ഇപ്പോഴും പ്രവർത്തിക്കുകയും ചെയ്യുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here