ഇന്ത്യൻ പരിശീലകനെ മെയ് 9നു പ്രഖ്യാപിക്കും; ആൽബർട്ട് റോക്ക ഉൾപ്പെടെ നാലു പേർ അവസാന പട്ടികയിൽ

ഇന്ത്യയുടെ പുതിയ പരിശീലകൻ മെയ് 9ആം തീയതി പ്രഖ്യാപിക്കും എന്ന് എ ഐ എഫ് എഫ്. മുൻ ബെംഗളുരു എഫ്സി പരിശീലകൻ ആൽബർട്ട് റോക്ക ഉൾപ്പെടെ പ്രമുഖരായ നാലു പേരാണ് അവസാന പട്ടികയിൽ ഉൾപ്പെട്ടത്. ഇതിൽ നിന്ന് ഒരാളെയാവും എഐഎഫ്എഫ് തിരഞ്ഞെടുക്കുക.
ആൽബർട്ട് റോക്കയ്ക്കൊപ്പം മുൻ കൊറിയൻ പരിശീലകൻ ലീ മിൻ സുംഗ്, സ്വീഡന്റെ പരിശീലകനായിരുന്ന ഹകാൻ എറിക്സൺ, ക്രൊയേഷ്യൻ പരിശീലകനായിരുന്ന ഐഗോർ സ്റ്റിമാക് എന്നിവരാണ് അവസാന നാലിൽ ഉള്ളത്. ഇവരിൽ ആരെങ്കിലും ഒരാൾ ആയിരിക്കും ഇന്ത്യയെ ഇനി നയിക്കുക.
ബെംഗളൂരു എഫ് സിയിൽ അത്ഭുതങ്ങൾ കാണിച്ച ആൽബർട്ട് റോകയ്ക്കാണ് കൂടുതൽ സാധ്യത കൽപ്പിക്കുന്നത്. ഇന്ത്യൻ ഫുട്ബോളിനെ കുറിച്ചും ഫുട്ബോളർമാരെ കുറിച്ചും റോകയ്ക്ക് ഉള്ള അറിവാണ് റോകയ്ക്ക് മുൻതൂക്കം നൽകുന്നത്. ദക്ഷിണകൊറിയയെ രണ്ട് തവണ ലോകകപ്പിൽ എത്തിച്ച ലീ മിൻ സുംഗ് ആണ് ഈ നാലു പരിശീലകരിൽ ഏറ്റവും പ്രഗല്ഭൻ.
എറിക്സൺ മുമ്പ് വളരെ ചെറിയ കാലം മാത്രം സ്വീഡനെ പരിശീലിപ്പിച്ച കോച്ചാണ്. സ്വീഡന്റെ അണ്ടർ 21 ടീമിലായിരുന്നു എറിക്സന്റെ കൂടുതൽ കാലത്തെ പ്രവർത്തനം. 2012 മുതൽ 2013 വർവ് ക്രൊയേഷ്യൻ കോച്ചായിരുന്നു ഐഗോർ സ്റ്റിമാക്. ഈ നാലു പേരെയും ഒരിക്കൽ കൂടെ ഇന്റർവ്യൂ ചെയ്ത ശേഷമാകും പ്രഖ്യാപനം ഉണ്ടാവുക. മെയ് അവസാന വാരത്തോടെ ദേശീയ ക്യാമ്പ് ആരംഭിക്കാൻ ഉള്ളതിനാൽ നിയമനം വേഗത്തിൽ ആക്കാൻ ആണ് എ ഐ എഫ് എഫ് ശ്രമിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here