ജീൻസും ലെഗിങ്‌സും മിനി സ്‌കർട്ടും മാന്യമല്ലാത്ത വസ്ത്രങ്ങൾ; എംഇഎസ് കോളെജുകളിൽ വിലക്കിയിട്ടുണ്ടെന്ന് ഫസൽ ഗഫൂർ

ജീൻസും ലെഗിങ്‌സും മിനി സ്‌കർട്ടും മാന്യമല്ലാത്ത വസ്ത്രങ്ങളെന്ന് എംഇഎസ് പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ. എംഇഎസ് കോളെജുകളിൽ നിഖാബിനൊപ്പം ഈ വസ്ത്രങ്ങളും വിലക്കിയിട്ടുണ്ടെന്നും ഫസൽ ഗഫൂർ പറയുന്നു. സ്‌ക്രോൾ ഓൺലൈൻ പോർട്ടലിന് നൽകിയ അഭിമുഖത്തിലാണ് ഗഫൂർ ഇക്കാര്യം പറഞ്ഞത്. മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ചുകൊണ്ടുള്ള സർക്കുലർ വിവാദമായ പശ്ചാത്തലത്തിലാണ് ഗഫൂറിന്റെ പ്രതികരണം.
മുഖ്യധാരാ സമൂഹം അത്തരം വസ്ത്രങ്ങൾ അംഗീകരിക്കുന്നില്ല. വിദ്യാർത്ഥിനികൾ സാംസ്‌കാരിക, ധാർമ്മിക മൂല്യങ്ങൾക്ക് അനുസരിച്ച് വസ്ത്രധാരണത്തിൽ മാന്യതയും അന്തസ്സും കാത്തുസൂക്ഷിക്കണമെന്ന ലക്ഷ്യത്തോടെയാണ് സർക്കുലർ തയ്യാറാക്കിയത്. ഏതാണ് മോശം വസ്ത്രമെന്ന് പറയുക എളുപ്പമല്ല. കേരളത്തിൽ സാരി അന്തസുള്ള വസ്ത്രമായാണ് കണക്കാക്കുന്നത്. എന്നാൽ, അതും നല്ല രീതിയിലും മോശം രീതിയിലും ഉടുക്കാനാവുമെന്നും ഫസൽ ഗഫൂർ പറഞ്ഞു.
പെൺകുട്ടികൾക്ക് മാത്രമായി എന്തുകൊണ്ട് ഡ്രസ് കോഡ് എന്ന ചോദ്യത്തിന് ആണും പെണ്ണുമടങ്ങുന്ന 8500 വിദ്യാർത്ഥികൾക്കും ചട്ടങ്ങൾ ബാധകമാണെന്നായിരുന്നു ഫസൽ ഗഫൂറിന്റെ പ്രതികരണം. ആൺകുട്ടികളും സാമൂഹിക അംഗീകാരമുള്ള വസ്ത്രങ്ങൾ ധരിക്കണമെന്നും മാന്യമായ വസ്ത്രധാരണത്തിലാണ് തങ്ങളുടെ ഊന്നലെന്നും ഗഫൂർ പറഞ്ഞു. അമ്മയ്ക്കും സഹോദരിക്കും വേണ്ടി നാം തെരഞ്ഞെടുക്കുന്ന വസ്ത്രങ്ങളാണ് തന്റെ അഭിപ്രായത്തിൽ മാന്യമായ വസ്ത്രങ്ങളെന്നും ഗഫൂർ കൂട്ടിച്ചേർത്തു.
അടുത്ത അധ്യയന വർഷം മുതൽ എംഇഎസ് കോളെജുകളിൽ മുഖം മറച്ചുള്ള വസ്ത്രധാരണം ഒഴിവാക്കിക്കൊണ്ടുള്ള സർക്കുലർ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലായിരുന്നു മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ച് എംഇഎസ് കോളെജ് സർക്കുലർ പുറത്തിറക്കിയത്. ആധുനിതകതയുടെ പേരിലാണെങ്കിലും മതാചാരങ്ങളുടെ പേരിലാണെങ്കിലും പൊതു സമൂഹത്തിന് സ്വീകാര്യമല്ലാത്ത വസ്ത്രധാരണം അംഗീകരിക്കാനാകില്ലെന്ന് സർക്കുലറിൽ വ്യക്തമാക്കിയിരുന്നു. അടുത്ത അധ്യയന വർഷം മുതൽ വിദ്യാർത്ഥിനികൾ മുഖം മറച്ച് കൊണ്ടുള്ള വസ്ത്രങ്ങൾ ധരിച്ചല്ല ക്ലാസിലേക്ക് വരുന്നതെന്ന് അധ്യാപകർ ഉറപ്പുവരുത്തണമെന്നും 2019-20 വർഷം മുതൽ നിയമം കൃത്യമായി പ്രാബല്യത്തിൽ വരുത്തണമെന്നും സർക്കുലറിൽ കൂട്ടിച്ചേർത്തിരുന്നു.
സംഭവത്തിന് പിന്നാലെ ഫസൽ ഗഫൂറിനെതിരെ വധഭീഷണി ഉയർന്നിരുന്നു. സർക്കുലർ പിൻവലിച്ചില്ലെങ്കിൽ കൊല്ലുമെന്ന് പറഞ്ഞ് ഗൾഫിൽ നിന്നുമാണ് ഫോൺ സന്ദേശം എത്തിയത്. വധഭീഷണിക്കും തന്റെ പേരിലുള്ള വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിനുമെതിരെ ഫസൽ ഗഫൂർ നടക്കാവ് പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here