ചീഫ് ജസ്റ്റിസിനെതിരായ പീഡനപരാതി തള്ളി; ആരോപണങ്ങളിൽ കഴമ്പില്ലെന്ന് ആഭ്യന്തര അന്വേഷണ സമിതി

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്‌ക്കെതിരായ ലൈംഗിക പീഡന പരാതി ആഭ്യന്തര അന്വേഷണ സമിതി തള്ളി. സുപ്രീം കോടതി മുൻ ജീവനക്കാരി ഉന്നയിച്ച പീഡന ആരോപണങ്ങളിൽ കഴമ്പില്ലെന്നാണ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ സമിതിയുടെ കണ്ടെത്തൽ. അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ പരസ്യപ്പെടുത്തില്ലെന്നും സമിതി വ്യക്തമാക്കിയിട്ടുണ്ട്. സമിതിയുടെ റിപ്പോർട്ട് സുപ്രീം കോടതിയിലെ മുതിർന്ന ജഡ്ജിക്കു നൽകിയിട്ടുണ്ട്. പകർപ്പ് ചീഫ് ജസ്റ്റിസിനും കൈമാറി.
യുവതിയുടെ ആരോപണം അന്വേഷിച്ചുവെന്നും അതിൽ കഴമ്പില്ലെന്ന് കണ്ടെത്തിയതിനാൽ പരാതി തള്ളുകയാണെന്നുമാണ് ആഭ്യന്തര അന്വേഷണ സമിതി റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നതെന്നാണ് വിവരം. എന്നാൽ ആഭ്യന്തര അന്വേഷണ സമിതിയിൽ വിശ്വാസമില്ലെന്നും സമിതിയിൽ നിന്നും തനിക്ക് നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്നും പരാതിക്കാരി നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാസം 19 നാണ് ചീഫ് ജസ്റ്റിസിനെതിരെ ലൈംഗിക പീഡനം ആരോപിച്ച് യുവതി പരാതി നൽകിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here