സുരക്ഷാ നിയമം ലംഘിച്ചുവെന്നാരോപിച്ച് മ്യാൻമർ സർക്കാർ ജയിലിലടച്ച മാധ്യമപ്രവർത്തകരെ മോചിപ്പിച്ചു

ഔദ്യോഗിക സുരക്ഷാ നിയമം ലംഘിച്ചെന്നാരോപിച്ച് മ്യാൻമർ സർക്കാർ ജയിലിടച്ച റോയിട്ടേഴ്‌സ് മാധ്യമപ്രവർത്തകരെ മോചിപ്പിച്ചു. മ്യാൻമറിന്റെ പുതുവത്സരത്തിനോടനുബന്ധിച്ചാണ് റോയിട്ടേഴ്‌സിന്റെ വാ ലോണിനേയും, ക്യാവ് സോവിനേയും സർക്കാർ വിട്ടയക്കാൻ തീരുമാനിച്ചത്. അഞ്ഞൂറ് ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് ഇരുവരും മോചിതരായിരിക്കുന്നത്.
മ്യാൻമറിലെ വംശഹത്യയിൽ കൊല്ലപ്പെട്ട റോഹിംഗ്യൻ മുസ്‌ലിംങ്ങളുടെ കുടുംബങ്ങളേയും, പ്രദേശത്തെ ബുദ്ധമത വിശ്വാസികളേയും ഉദ്ധരിച്ചു കൊണ്ട് തയ്യാറാക്കിയ റിപ്പോർട്ട് റോഹിംഗ്യ മുസ്‌ലിംങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾ ലോകത്തിന് മുന്നിൽ തുറന്നു കാട്ടുന്നതിൽ നിർണായകമായിരുന്നു. ആ അന്വേഷണപരമ്പരയ്ക്ക് ഇരുവർക്കും പുലിറ്റ്‌സർ സമ്മാനം ലഭിച്ചിരുന്നു. റോഹിംഗ്യൻ ക്യാംപുകളിലെ പീഡനങ്ങളെ കുറിച്ചും ഇവർ അന്വേഷണം നടത്തിയിരുന്നു. രാജ്യത്തിന്റെ ആഭ്യന്തര രഹസ്യങ്ങൾ ചോർത്തിയെന്നാരോപിച്ചായിരുന്നു ഇരുവരേയും തടവിലാക്കിയത്.
2018 ഏപ്രിലിൽ ഇവരുടെ അപ്പീൽ തള്ളുകയും ഏഴ് കൊല്ലത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു. മനുഷ്യാവകാശപ്രവർത്തരും സാമൂഹ്യപ്രവർത്തകരും ഇരുവരുടേയും മോചനത്തിനായി പ്രവർത്തിച്ചു. കഴിഞ്ഞ മാസം മ്യാൻമർ പ്രസിഡന്റ് പൊതുമാപ്പ് അനുവദിച്ച തടവുകാരിൽ ലോണും സോവും ഉൾപ്പെട്ടതാണ് ഇരുവരുടേയും മോചനത്തിന് കാരണമായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here