Advertisement

ഒരു പൂ മാത്രം ചോദിച്ചു; തന്നത് ഒരു പൂക്കാലം: മെസ്സിയെപ്പറ്റി ആർദ്രമായ ഒരു കഥ പറഞ്ഞ് മുൻ ബൊക്ക ജൂനിയേഴ്സ് താരം

May 7, 2019
Google News 1 minute Read

ബാഴ്സലോണയുടെ അർജൻ്റീന ഇതിഹാസം ലയണൽ മെസ്സിയെപ്പറ്റി ആർദ്രമായ ഒരു കഥ പറഞ്ഞ് മുൻ കൊളംബിയൻ-ബൊക്ക ജൂനിയേഴ്സ് താരം ഫാബിയൻ വർഗാസ്. 2010ൽ നടന്ന ഒരു സംഭവമാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ഒരു കൊളംബിയൻ പത്രത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിൻ്റെ വെളിപ്പെടുത്തൽ.

ഫാബിയാൻ വർഗാസ് പറഞ്ഞത്: “2010ൽ ബാഴ്‌സലോണക്കെതിരെ അൽമേരിയക്ക് വേണ്ടി കളിക്കാൻ ഇറങ്ങുന്നതിനു മുൻപ് കുറച്ചു സുഹൃത്തുക്കൾ, കളി കഴിഞ്ഞാൽ എൻ്റെ ജേഴ്‌സി അവർക്ക് നൽകണമെന്നും, അത് ലേലത്തിൽ വിറ്റു കിട്ടുന്ന പണം ആ സമയത്ത് എന്റെ രാജ്യത്തുണ്ടായ പ്രളയത്തിൽ പെട്ടവർക്ക് നൽകാനാണെന്നും പറഞ്ഞു. ഞാൻ സമ്മതിച്ചു. അങ്ങനെ കളിക്കാൻ ഇറങ്ങും നേരം എനിക്ക് തോന്നി മെസ്സിയുടെ ജേഴ്‌സി കൂടി ചോദിക്കാമെന്ന്. അങ്ങനെ ഞാൻ മെസ്സിയെ സമീപിച്ചു. മെസ്സിയോട് കാര്യങ്ങൾ പറഞ്ഞു ധരിപ്പിച്ചു. മെസ്സി ജേഴ്‌സി നൽകാമെന്ന് സമ്മതിച്ചു.

നിർഭാഗ്യവശാൽ ആ കളിയിൽ 8-0ന് ഞങ്ങൾ പരാജയപ്പെട്ടു. അന്ന് വളരെ കോപത്തോടെയും സങ്കടത്തോടെയുമാണ് ഞാൻ ഗ്രൗണ്ടിൽ നിന്നും മടങ്ങിയത്. അത് കൊണ്ട് തന്നെ ഞാൻ മെസ്സിയോട് ജേഴ്‌സി ആവശ്യപ്പെട്ട കാര്യം മറന്നു. ഞാൻ ഡ്രസിങ് റൂമിലെത്തിയപ്പോൾ എന്തോ മറന്നതുപോലെ എനിക്കനുഭവപ്പെട്ടു, അങ്ങനെ ഞാൻ മെസ്സിയുടെ അടുത്തേക്ക് പോയി. മെസ്സിയുടെ കൈവശം ഒരു കവർ ഉണ്ടായിരുന്നു. അതെനിക്ക് നൽകി മെസ്സി പറഞ്ഞു: “ഇതൊക്കെയാണ് ഞാൻ താങ്കൾക്കായി ശേഖരിച്ച ജെഴ്സികൾ.” ഞാൻ അദ്ദേഹത്തോട് നന്ദി പറയുകയും ആലിംഗനം ചെയ്യുകയും ചെയ്തു. അങ്ങനെ ഞാൻ റൂമിൽ തിരിച്ചെത്തി കവർ തുറന്ന ഞാൻ അത്ഭുതപ്പെട്ടു. ആ കവറിൽ ഞാനാവശ്യപ്പെട്ട മെസ്സിയുടെ ജേഴ്‌സി മാത്രമല്ല, സാവി, ഇനിയേസ്റ്റ, ഡാനി ആൽവസ്, പിക്വേ, പുയോൾ എന്നിവരുടെ ജേഴ്‌സികൾ കൂടി ഉണ്ടായിരുന്നു. എനിക്ക് വേണ്ടി മെസ്സി അതെല്ലാം ശേഖരിച്ചിരുന്നു. ഇക്കാര്യം ഞാനൊരിക്കലും മറക്കില്ല, അവനിനിയും റെക്കോർഡുകൾ തകർക്കട്ടെ എന്ന് ഞാനാശംസിക്കുന്നു.”

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here