തൃശ്ശൂർ പൂരത്തിന് കൊടിയേറി

തൃശ്ശൂർ പൂരത്തിന് കൊടിയേറി. പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിലും ഘടക ക്ഷേത്രങ്ങളിലും കോടിയേറ്റച്ചടങ്ങുകൾ പുരോഗമിക്കുകയാണ്. ഇനി വരുന്ന ഏഴ് ദിനരാത്രങ്ങൾ തൃശ്ശൂർ പൂര ലഹരിയിലമരും.
ലാലൂർ കാർത്യായനി ക്ഷേത്രത്തിലാണ് ആദ്യ കൊടിയേറ്റം നടന്നത്.തുടർന്ന് പൂരത്തിലെ പ്രധാനികളായ തിരുവമ്പാടിയിലും പാറമേക്കാവിലും കോടിയേറ്റം നടന്നു. തിരുവമ്പാടിയിൽ 11.20 ഓടെ ഭൂമിപൂജക്ക് ശേഷം ക്ഷേത്രത്തിൽ നിന്ന് പൂജിച്ച് കൊണ്ടു വന്ന സപ്തവർണ കൊടിക്കൂറ ദേശക്കാർ ചേർന്ന് ഉയർത്തി.
Read Also : തൃശൂർ പൂരത്തിന് കനത്ത സുരക്ഷ; ബാഗുകൾ ഒഴിവാക്കണമെന്ന് നിർദ്ദേശം
അഞ്ച് ഗജവീരൻമാരുടേയും പഞ്ചവാദ്യത്തിന്റെയും സാന്നിധ്യത്തിലായിരുന്നു പാറമേക്കാവിലെ ചടങ്ങുകൾ. വലിയ പാണി കൊട്ടി എഴുന്നള്ളിയതിന് ശേഷമാണ് സിംഹ മുദ്രയുള്ള കൊടിക്കൂറ മുകളിലേക്കുയർത്തിയത്. തുടർന്ന് ചെറു പൂരവും നടന്നു.
മറ്റ് ഘടക ക്ഷേത്രങ്ങളിലും കൊടിയേറ്റം ചടങ്ങുകൾ അവസാനിക്കുന്നതോടെ പൂരാവേശം കൊടുമുടിയിലെത്തും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here