തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും
തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും. പാറമേക്കാവും തിരുവമ്പാടിയുമടക്കം പൂരത്തിൽ പങ്കാളികളാകുന്ന ക്ഷേത്രങ്ങളിൽ കൊടിയേറ്റം നടക്കും. ശ്രീലങ്കൻ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ വൻ സുരക്ഷയാണ് പൂരത്തിനായി ഒരുക്കിയിരിക്കുന്നത്.
ഇന്ന് ഉച്ചയോടെ പൂരത്തിൽ പ്രധാന പങ്കാളിത്തമുള്ള പാറമേക്കാവിലും തിരുവമ്പാടിയിലും കൊടിയേറ്റം നടക്കും . തിരുവമ്പാടിയിൽ രാവിലെ 11.30 നും 12 നും ഇടയിൽ തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിലാകും കൊടിയേറ്റ ചടങ്ങുകൾ നടക്കുക. പാറമേക്കാവിൽ 12നും 12.30 നും ഇടക്കാണ് കൊടിയേറ്റം.
തന്ത്രി പുലിയന്നൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും. ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ കൂടുതൽ പൊലീസിനെ നിയോഗിച്ചും മുൻവർഷത്തേക്കാളേറെ സി.സി.ടി.വി കാമറകൾ സ്ഥാപിച്ചുമാണ് ഇത്തവണ സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.
പൂരം കാണാനെത്തുന്നവർ ക്യാരി ബാഗുമായി എത്തുന്നന്നത് ഒഴിവാക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
സാധാരണ ബാഗുകളും വലിയ കവറുകളും 11 മുതൽ 14 വരെ സ്വരാജ് റൗണ്ടിലേക്ക് അനുവദിക്കേണ്ട എന്നാണ് നിലവിൽ പൊലീസ് മുന്നോട്ട വെച്ചിരിക്കുന്ന നിർദ്ദേശം. വെടിക്കെട്ട് സുഗമമായി നടത്താനാവശ്യമായ എല്ലാ ഒരുക്കങ്ങളും നടന്നു വരികയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here