ഉയരെയിലെ പാര്‍വതിയുടെ ആസിഡ് അറ്റാക്ക് ഇരയുടെ ലൂക്കിന് പിന്നില്‍ ഇവര്‍…

‘ആശുപത്രിക്കിടക്കയില്‍ ഇരിക്കുന്ന പല്ലവിയുടെ പാതിമറച്ച മുഖത്തുനിന്നും ബാന്‍ഡേജ് അഴിക്കുന്നു. അരികില്‍ ഉണ്ടായിരുന്ന അച്ഛനും അനിയത്തിയും ആ മുഖം കണ്ട് ഒരു നിമിഷം ഞെട്ടി. കണ്ണാടിയില്‍ തന്റെ പാതിചുവന്ന വിരൂപമായ മുഖം കണ്ട പല്ലവി മനസിലാക്കി, ഇത് എന്നന്നേക്കും ഉള്ളതാണ്. ഒന്ന് അലറിവിളിച്ചു കരയാന്‍ പോലും കഴിയാത്ത വിധം അവളുടെ മനസ്സും ശരീരവും തളര്‍ന്നിരുന്നു. ഒരു താങ്ങിനായി തന്റെ അച്ഛന്റെ കൈ പിടിച്ചപ്പോള്‍ അവളുടെ കലങ്ങിയ കണ്ണുകളില്‍ നിന്നും കണ്ണീര്‍ പൊടിഞ്ഞു’…
ഉയരെയിലെ ഈ സീനില്‍ പാര്‍വതിയെ കണ്ടവര്‍ക്ക് അത് പല്ലവിയുടെ മുഖം തന്നെ എന്ന് തോന്നി. അത് കൃത്രിമമായി സൃഷ്ടിച്ചെടുത്ത മേക്കപ്പ് എന്ന് തോന്നാത്തത്ര മികവില്‍ ആയിരുന്നു സുബി ജോഹലും രാജീവ് സുബ്ബയും ആസിഡ് അറ്റാക്ക് ഇരയുടെ മുഖം സൃഷ്ടിച്ചത്.
അഹമ്മദാബാദ് നാഷണല്‍ ഇന്‍സ്ടിട്യുടെ ഓഫ് ഡിസൈനില്‍ നിന്നും സെറാമിക് ആന്‍ഡ് ഗ്ലാസ് ഡിസൈനില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ഇരുവരും 10 വര്‍ഷത്തിനുമേലെയായി ബാംഗ്ലൂരില്‍ കൃത്രിമ മേക്കപ്പ് നിര്‍മാണത്തില്‍ നിമഗ്‌നരായിരിക്കുകയാണ്. ബാംഗ്ലൂരിലെ ഡേര്‍ട്ടി ഹാന്‍ഡ്സ് സ്റ്റുഡിയോയുടെ ഉടമകളാണിവര്‍. രാജ്യത്ത് ആദ്യമായി സിലിക്കണ്‍ മോഡലുകള്‍ ഉണ്ടാക്കിയതും ഇവരായിരുന്നു. 33 ബോളിവുഡ് സിനിമകളില്‍ മേക്കപ്പ് ആര്‍ട്ടിസ്‌റ് ആയി ജോലി ചെയ്ത ഇവരുടെ ആദ്യ മലയാള ചിത്രമാണ് ഉയരെ.
ചിത്രീകരണത്തിന് മുന്‍പായി പാര്‍വതിയുടെ ഫോട്ടോഷോപ്പ് ചെയ്ത ചിത്രങ്ങള്‍ നിര്‍മാതാവുമായി പലതവണ കൈമാറിയാണ് മേക്കപ്പ് തീര്‍ച്ചപ്പെടുത്തിയത്. കൂടാതെ വ്രണം ഉണങ്ങുന്നതായ വ്യത്യസ്ത രൂപമാറ്റങ്ങളും തീരുമാനിച്ചുവച്ചിരുന്നു. നാലുമണിക്കൂറോളം നീണ്ട മേക്കപ്പിനൊടുവിലാണ് ചിത്രത്തിലെ പാര്‍വതിയെ സൃഷ്ടിച്ചെടുത്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here