യുപിഎ സർക്കാരിന്റെ കാലത്ത് ആറ് സർജിക്കൽ സ്‌ട്രൈക്ക് നടന്നുവെന്ന കോൺഗ്രസ് വാദം തള്ളി പ്രതിരോധ മന്ത്രാലയം

യുപിഎ സർക്കാരിന്റെ കാലത്ത് ആറു സർജിക്കൽ സ്‌ട്രൈക്ക് നടന്നിരുന്നുവെന്ന കോൺഗ്രസ് വാദം തള്ളി പ്രതിരോധ മന്ത്രാലയം. 2004 മുതൽ 2016 വരെ രാജ്യം അതിർത്തി കടന്ന് മിന്നലാക്രമണം നടത്തിയതിന്റെ രേഖകളില്ലെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. വിവരാവകാശ അപേക്ഷക്ക് നൽകിയ മറുപടിയിലാണ് പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം
ഉറി ആക്രമണം നടന്ന ശേഷം 2016 സെപ്തംബറിൽ സൈന്യം നടത്തിയ മിന്നലാക്രമണത്തെ കുറിച്ച് മാത്രമാണ് രേഖകൾ ഉള്ളതെന്നായിരുന്നു കേന്ദ്ര പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയത്. അതിനു മുൻപ് നടന്ന സമാന സൈനിക നീക്കങ്ങളെ കുറിച്ച് വിവരങ്ങൾ ലഭ്യമല്ല. ജമ്മു കാശ്മീരിലെ ആക്റ്റിവ്സ്റ്റ് ആയ രോഹിത് ചൗധരിയുടെ വിവരാകാശ അപേക്ഷക്കുള്ള മറുപടിയായാണ് പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം.
2016 ൽ നടന്ന മിന്നലാക്രമണത്തിൽ ഒരു ജവാനു പോലും പരിക്കേറ്റിട്ടില്ലെന്നും വിവരാവകാശരേഖ വ്യക്തമാക്കുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിലാകെ സർജിക്കൽ സ്‌ട്രൈക്ക് ആയുധമാക്കി ബിജെപി വോട്ട് ചോദിച്ചിരുന്നു. ഇതിനു മറുപടിയായി യുപിഎ സർക്കാരിന്റെ കലത്ത് ആറ് മിന്നലാക്രമണം നടത്തിയിരുന്നുവെന്നും പക്ഷേ ഇതൊന്നും രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചിട്ടില്ലെന്നും കോൺഗ്രസ് അവകാശപ്പെട്ടിരുന്നു. മിന്നലാക്രമണം നടത്തിയ തീയതികൾ സഹിതമായിരുന്നു കോൺഗ്രസ് നേതാവി രാജീവ് ശുക്ലയുടെ അവകാശവാദം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here