പോസ്റ്റൽ വോട്ട് ക്രമക്കേട്; ഇന്ന് നടപടിയുണ്ടാകുമെന്ന് ഡിജിപി

പൊലീസുകാരുടെ പോസ്റ്റൽ വോട്ടിൽ ക്രമക്കേട് നടത്തിയതുമായി ബന്ധപ്പെട്ട് ഇന്ന് വൈകീട്ടോടെ നടപടിയുണ്ടാകുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്താൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ഡിജിപിക്ക് നേരത്തെ നിർദേശം നൽകിയിരുന്നു. പോസ്റ്റൽ വോട്ട് ക്രമക്കേടിൽ പൊലീസ് അസോസിയേഷന് പങ്കുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതയായി ടിക്കാറാം മീണ കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തിരുന്നു.
പോസ്റ്റൽ ബാലറ്റ് ക്രമക്കേട് സംബന്ധിച്ച് വാട്സ് ആപ്പിലൂടെ സന്ദേശം കൈമാറിയ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കമാൻഡോ അടക്കം നാല് പേർക്കെതിരെയാണ് അന്വേഷണം നടക്കുന്നത്.
സംഭവത്തിൽ പൊലീസ് അസോസിയേഷന്റെ പങ്കിനെപ്പറ്റിയുള്ള വിശദാംശങ്ങളും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ തേടിയിട്ടുണ്ട്. പോസ്റ്റൽ ബാലറ്റ് വിതരണം സംബന്ധിച്ച് ഡിജിപി നൽകിയിരുന്ന സർക്കുലറിലെ നിർദേശം പാലിക്കുന്നതിൽ ജില്ലാ നോഡൽ ഓഫീസർമാർക്ക് വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. പൊലീസ് ബാലറ്റ് ക്രമക്കേടിൽ പൊലീസ് അസോസിയേഷന്റെ പങ്കിനെപ്പറ്റി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here