തൊടുപുഴയിലെ ഏഴു വയസുകാരന്റെ കൊലപാതകം; അമ്മ അറസ്റ്റിൽ

തൊടുപുഴയിൽ ഏഴു വയസുകാരൻ ക്രൂരമർദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ അമ്മ അറസ്റ്റിൽ. മർദ്ദന വിവരം മറച്ചുവെച്ചതിനാണ് കുട്ടിയുടെ അമ്മയെ അറസ്റ്റു ചെയ്തിരിക്കുന്നത്. കുട്ടിയെ ക്രൂരമായി മർദ്ദിച്ച അരുൺ ആനന്ദിനെ സംരക്ഷിക്കുകയും കുറ്റകൃത്യത്തിന് കൂട്ടുനിൽക്കുകയും ചെയ്തതായി വ്യക്തമായതിനെത്തുടർന്നാണ് ഇവരെ അറസ്റ്റു ചെയ്തത്. അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തി.
ബാലനീതി നിയമം 75ാം വകുപ്പ് പ്രകാരം ഇവർക്കെതിരെ കേസെടുക്കാൻ ശിശുക്ഷേമ സമിതിയാണ് പൊലീസിന് നിർദ്ദേശം നൽകിയത്. കുട്ടികളെ ആക്രമിക്കുകയോ ഉപദ്രവിക്കുകയോ അല്ലെങ്കിൽ അതിന് കൂട്ട് നിൽക്കുകയോ ചെയ്യുക, ബോധപൂർവം കുട്ടികളെ അവഗണിക്കുകയും അതിലൂടെ അവരിൽ മാനസിക ശാരീരിക സമ്മര്‍ദ്ദം ഏല്‍പ്പിക്കുക തുടങ്ങിയവയാണ് ബാലനീതി നിയമം 75ആം വകുപ്പിന്‍റെ പരിധിയിൽ വരുന്ന കുറ്റങ്ങൾ. 10 വർഷം വരെ തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്.
കഴിഞ്ഞ മാസം ഏഴാം തീയതിയാണ് ദിവസങ്ങളോളം വെന്റിലേറ്ററിൽ തുടർന്ന ശേഷം ഏഴുവയസുകാരൻ മരണത്തിന് കീഴടങ്ങിയത്. അരുൺ ആനന്ദ് നിലവിൽ റിമാൻഡിലാണ്. ഇയാൾക്കെതിരെ കൊലക്കുറ്റവും പോക്‌സോ വകുപ്പും ചുമത്തിയിട്ടുണ്ട്. അരുൺ ആനന്ദ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു.
മാർച്ച് 28 നായിരുന്നു ഏഴ് വയസുകാരന് ക്രൂര മർദ്ദനമേൽക്കുന്നത്. മർദ്ദനത്തിൽ കുട്ടിയുടെ തലച്ചോറ് പുറത്തുവന്നിരുന്നു. അരുൺ ആന്ദിൽ നിന്നും ക്രൂര പീഡനമാണ് ഏഴുവയസുകാരൻ ഏറ്റുവാങ്ങിയത്. കുട്ടിയുടെ മൂന്നു വയസുകാരനായ സഹോദരനേയും ഇയാൾ മർദ്ദിച്ചിരുന്നു. കുട്ടികളെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ചതിന് മർദ്ദിച്ചിരുന്നതായി അമ്മ പൊലീസിന് മൊഴി നൽകിയിരുന്നു. ഭയംകൊണ്ടാണ് വിവരം പുറത്തു പറയാതിരുന്നതെന്നാണ് പൊലീസ് ചോദ്യം ചെയ്യലിൽ അവർ വ്യക്തമാക്കിയത്.
കുട്ടികളുടെ പിതാവ് മരിച്ച ശേഷമാണ് അമ്മ അരുൺ ആനന്ദിനൊപ്പം ജീവിതം ആരംഭിച്ചത്. ക്രിമിനൽ കേസിലെ പ്രതികൂടിയായ അരുൺ ആനന്ദിനൊപ്പമുള്ള ഇവരുടെ ജീവിതം ഏറെ ദുരിതം നിറഞ്ഞതായിരുന്നു. കുട്ടികളുടെ അച്ഛന്റെ പെട്ടെന്നുള്ള മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here