തൊട്ടപ്പനിലെ ‘പ്രാന്തൻ കണ്ടൽ’; ആ ശബ്ദം ഇവരുടേതാണ്

കിസ്മത്തിന് ശേഷം ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്യുന്ന തൊട്ടപ്പനിലെ ആദ്യ ഗാനം ഇന്നലെ പുറത്തുവന്നിരുന്നു. ‘പ്രാന്തൻ കണ്ടലിൻ കീഴെവെച്ചല്ലേ’ എന്നു തുടങ്ങുന്ന ഗാനം ഇതിനോടകം തന്നെ ഹിറ്റായിരിക്കുകയാണ്. പ്രണയാതുരമായ രംഗങ്ങൾകൊണ്ടും ഗ്രാമീണ ഭംഗികൊണ്ടും സമ്പന്നമാണ് ഗാനം. സിതാര കൃഷ്ണകുമാറും പ്രദീപ് കുമാറുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. സിതാര മലയാളികൾക്ക് സുപരിചിതയാണെങ്കിലും പ്രദീപ് കുമാറിനെ അത്ര പരിചയമുണ്ടെന്ന് തോന്നുന്നില്ല. തമിഴിലെ സുപ്രസിദ്ധ പിന്നണി ഗായകനും സംഗീത സംവിധായകനുമാണ് പ്രദീപ് കുമാർ. അദ്ദേഹം ആദ്യമായാണ് ഒരു മലയാള സിനിമയ്ക്ക് വേണ്ടി ഗാനം ആലപിക്കുന്നത്.
ത്രിച്ചിയാണ് പ്രദീപ് കുമാറിന്റെ ജന്മദേശം. അമ്മയിൽ നിന്നുമാണ് കർണ്ണാടക സംഗീതത്തിന്റെ ആദ്യ പാഠങ്ങൾ പ്രദീപ് പഠിച്ചെടുക്കുന്നത്. ചെറുപ്പത്തിൽ തന്നെ പ്രദീപ് സംഗീതത്തെ അത്രമേൽ ഇഷ്ടപ്പെട്ടിരുന്നു. ജെ വെങ്കടരാമനാണ് പ്രദീപ് കുമാറിന്റെ ആദ്യ ഗുരു.
എഞ്ചിനീയർ പഠനത്തിന് ചേർന്നുവെങ്കിലും തനിക്ക് ചേർന്നത് അതല്ലെന്നു മനസിലാക്കിയ പ്രദീപ് പിന്നീട് ഓഡിയോ എഞ്ചിനീയറിങിൽ ഡിപ്ലോമക്ക് ചേർന്നു. അതിനിടയിൽ അദ്ദേഹം പല മ്യൂസിക് സ്റ്റുഡിയോയുടേയും ഭാഗമായി പ്രവർത്തിച്ചു. 2014 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ‘മേനെ പ്യാർ കിയാ’യിലെ ഗാനങ്ങൾക്ക് വേണ്ടി ഈണം നൽകികൊണ്ടാണ് സിനിമാ രംഗത്തേക്ക് ഔദ്യോഗികമായി കടന്നുവന്നത്. തുടർന്ന് പിന്നണി ഗാനരംഗത്തും ചുവടുറപ്പിക്കുകയായിരുന്നു.
96, കാല, കബാലി, വിക്രം വേദ, മദ്രാസ്, ജിഗർതണ്ട, കടൈകുട്ടി സിങ്കം, വീര, വിവേകം, കെയർ ഓഫ് സൂര്യ, നെഞ്ചിൽ തുനിവിരുന്താൽ, കറുപ്പൻ, മനിതൻ, ഇരുദി സുട്രു, മദ്രാസ്, പിസ, അട്ടക്കാതി, വായയ് മൂടി പേസവും തുടങ്ങിയവയാണ് പ്രദീപ് കുമാർ ഗായകനായ പ്രധാന ചിത്രങ്ങൾ.
ഫ്രാൻസിസ് നൊറോണയുടെ ‘തൊട്ടപ്പൻ’ എന്ന കഥയെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിക്കുന്നത്. വിനായകനാണ് തൊട്ടപ്പനിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പുതുമുഖം പ്രിയംവദയാണ് നായിക. ദിലീഷ് പോത്തൻ, ലാൽ, മനോജ് കെ ജയൻ, കൊച്ചു പ്രേമൻ, പോളി വിൽസൺ, റോഷൻ, ബിനോയ് നമ്പാല, ഉൾപ്പെടെ ചിത്രത്തിൽ അണിനിരക്കുന്നു.
ഷാനവാസിന്റെ ആദ്യ സിനിമ കിസ്മത്ത് പറയുന്നത് ജാതി രാഷ്ട്രീയവും വിജാതീയ പ്രണയവുമാണെങ്കിൽ തൊട്ടപ്പൻ പറയുന്നത് തൊട്ടപ്പന്റെയും കുഞ്ഞാടിന്റെയും ജീവിതവും മരണവുമാണ്. കഥാകൃത്ത് കൂടിയായ പി എസ് റഫീഖാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. എറണാകുളം വരാപ്പുഴയിലാണ് സിനിമയുടെ ചിത്രീകരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here