കേരളത്തിൽ ഇന്നും നാളെയും ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത; ഇടുക്കിയിൽ യെല്ലോ അലർട്ട്

കേരളത്തിൽ ഒറ്റപെട്ട സ്ഥലങ്ങളിൽ 12, 13 തിയതികളിൽ ഇടിയോടും മിന്നലോടും കൂടിയ മഴയ്ക്കും കാറ്റിനും (കാറ്റിന്റെ വേഗത മണിക്കൂറിൽ 3040 kmph) സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
കേരളത്തിൽ ചില സ്ഥലങ്ങളിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും ഇടുക്കി ജില്ലയിൽ ശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നതായും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.
ശക്തമായ മഴ പെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ്, മണ്ണിടിച്ചിൽ, എന്നിവയുണ്ടാകാൻ സാധ്യതയുണ്ടെന്നും ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ ചുവടെ കൊടുത്തിരിക്കുന്ന മുൻകരുതലുകൾ പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദ്ദേശിക്കുന്നു :
1. ഉരുൾപൊട്ടൽ സാധ്യത ഉള്ളതിനാൽ രാത്രി സമയത്ത് (വൈകീട്ട് 7 മണി മുതൽ രാവിലെ 7 വരെ) മലയോരമേഘലയിലേക്കുള്ള യാത്ര പരമാവധി ഒഴുവാക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു.
2. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന് സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം എന്ന് പ്രചാരണം നടത്തുക.
3. മരങ്ങൾക്ക് താഴെ വാഹനം പാർക്ക് ചെയ്യാതിരിക്കുവാൻ ശ്രദ്ധിക്കണം എന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു.
4. കുട്ടികൾ വെള്ളക്കെട്ടിലും കുളത്തിലും ചിറകളിലും പുഴകളിലും കളിക്കുന്നത് ഒഴുവാക്കുവാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
ഇടിമിന്നൽ ജാഗ്രത നിർദേശങ്ങൾ
കേരളത്തിൽ ഇപ്പോൾ ലഭിക്കുന്ന വേനൽ മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മണി മുതൽ ശക്തമായ ഇടിമിന്നലിനുള്ള സാധ്യത ഉണ്ട്. ഇത്തരം ഇടിമിന്നൽ അപകടകാരികൾ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന ഉച്ചക്ക് 2 മണി മുതൽ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ ദൃശ്യമല്ല എന്നതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.
ഉച്ചക്ക് 2 മണി മുതൽ കുട്ടികളെ തുറസായ സ്ഥലത്ത് കളിക്കുന്നതിൽനിന്നും വിലക്കുക.
രാത്രി കാലങ്ങളിൽ വൈദ്യുത ഉപകരണങ്ങളുടെ കേബിളുകൾ രാത്രി കാലത്തുണ്ടാവുന്ന ഇടിമിന്നലിൽനിന്നും കേടുപാടുകൾ ഉണ്ടാവാതിരിക്കാനായി ഊരി ഇടാൻ പ്രത്യേകം ശ്രദ്ധിക്കുക.
മഴക്കാർ കാണുമ്പോൾ ഉണക്കാനിട്ട വസ്ത്രങ്ങൾ എടുക്കാൻ മുറ്റത്തേക്കോ ടെറസിലേക്കോ പോകാതിരിക്കുക.
മുൻ അനുഭവങ്ങളിൽ മഴക്കാറ് കണ്ട് വളർത്തു മൃഗങ്ങളെ മാറ്റി കെട്ടാനും ടെറസിൽ ഉണക്കാനിട്ട വസ്ത്രങ്ങൾ എടുക്കാനും പോയ വീട്ടമ്മമാരിൽ കൂടുതലായി ഇടിമിന്നൽ ഏറ്റതായി കാണുന്നു. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്ന വീട്ടമ്മമാർ പ്രത്യേകമായി ശ്രദ്ധിക്കുക.
പൊതു നിർദേശങ്ങൾ
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക.
ഗൃഹോപകരണങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.
ജനലും വാതിലും അടച്ചിടുക.
ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.
ഫോൺ ഉപയോഗിക്കരുത്.
ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക.
കഴിയുന്നത്ര ഗൃഹാന്തർ ഭാഗത്ത് ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കുക.
ഇടിമിന്നലുള്ള സമയത്ത് ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
വീടിനു പുറത്താണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്.
വാഹനത്തിനുള്ളിൽ ആണങ്കിൽ തുറസ്സായ സ്ഥലത്ത് നിർത്തി, ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം.
ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങുവാൻ പാടില്ല.
പട്ടം പറത്തുവാൻ പാടില്ല.
തുറസ്സായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല കാൽ മുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
ഇടിമിന്നലുള്ള സമയം പുറത്ത് അയയിൽ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങൾ എടുക്കാതിരിക്കുക.
ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ്ജ് പ്രോട്ടക്ടർ ഘടിപ്പിക്കാം.
മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കഴ്ച്ചയോ കേഴ്‌വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്. മിന്നൽ ഏറ്റാൽ ആദ്യ മുപ്പത് സെക്കന്റ് സുരക്ഷക്കായിട്ടുള്ള സുവർണ്ണ നിമിഷങ്ങളാണ്.
വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുമ്പോൾ തുറസായ സ്ഥലത്തെക്ക് പോകരുത്
മേൽ നിർദേശങ്ങൾ എല്ലാ മാധ്യമങ്ങളും പൊതുജനങ്ങൾക്കായി പ്രസിദ്ധീകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
സംസാരശേഷി പരിമിതർക്കുള്ള ഇടിമിന്നൽ സുരക്ഷ സംബന്ധിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ദൃശ്യ സന്ദേശം അനുബന്ധമായി ചേർക്കുന്നു.
സംസാരശേഷി പരിമിതർക്കുള്ള ആംഗ്യ സന്ദേശം https://www.youtube.com/watch?v=So1uMkDyzd4
ദൃശ്യമാധ്യമങ്ങൾ സംസാരശേഷി പരിമിതർക്കായി ഈ ആംഗ്യ സന്ദേശം പ്രദർശിപ്പിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
റേഡിയോ, ദൃശ്യമാധ്യമങ്ങൾ എന്നിവ ഉച്ചയ്ക്ക് 1 മണി മുതൽ ഇടിമിന്നൽ സുരക്ഷാ സന്ദേശം പ്രത്യേകമായി അടുത്ത 5 ദിവസത്തേക്ക് പരാമർശിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
പൊതു സുരക്ഷാ സന്ദേശം അടങ്ങിയ ലഘുലേഖ ഇവിടെ ലഭ്യമാണ് http://sdma.kerala.gov.in/wpcontent/uploads/2018/11/2.Lightning.pdf
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here