Advertisement

ടി-20 ചലഞ്ച് നൽകിയ പ്രതീക്ഷ; ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ യുവ താരങ്ങൾ

May 12, 2019
4 minutes Read

ഇന്നലെയായിരുന്നു വിമൻസ് ടി-20 ചലഞ്ച് ഫൈനൽ. ഹർമൻപ്രീതിൻ്റെ സൂപ്പർ നോവാസും മിഥാലിയുടെ വെലോസിറ്റിയും തമ്മിൽ ഏറ്റുമുട്ടി. അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിൽ വെലോസിറ്റിയെ കീഴടക്കി സൂപ്പർ നോവാസ് കിരീടം നിലനിർത്തി. ടീം തകർന്നു നിൽക്കുന്ന സമയത്ത് ഹർമൻപ്രീത് ഒരു ഫിഫ്റ്റി അടിച്ച് ടീമിനെ ജയിപ്പിച്ചു. അത് ഹർമനു പുത്തരിയല്ല. അതുകൊണ്ട് തന്നെ എനിക്ക് ആ ഇന്നിംഗ്സിൽ അതിശയം തോന്നിയതുമില്ല. അതിശയം തോന്നിയത് മറ്റ് ചില കാര്യങ്ങളിലാണ്.

ജമീമ റോഡ്രിഗസ്

ഇന്ത്യൻ വനിതാ ക്രിക്കറ്റ് വളരുകയാണെന്നത് കഴിഞ്ഞ കുറച്ചു കാലങ്ങളായി കണ്ടു കൊണ്ടിരിക്കുന്നു. കഴിഞ്ഞ ടി-20 ലോകകപ്പിൽ അതിശയിപ്പിച്ച ജമീമ റോഡ്രിഗസ് എന്ന പതിനെട്ടുകാരി ടൂർണമെൻ്റിലെ പ്ലയർ ഓഫ് ദി സീരീസ് ആയത് കഴിഞ്ഞ കാലങ്ങളിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് കൈവരിച്ച അഭൂതപൂർവ്വമായ വളർച്ചയെ അടയാളപ്പെടുത്തുന്നതായി. വളരെ കൃത്യമായി ഇന്നിംഗ്സ് പേസ് ചെയ്യാനറിയാമെന്നതാണ് ജമീമയുടെ കഴിവ്. 133.70 ആണ് ടി-20 ചലഞ്ചിലെ ജമീമയുടെ സ്ട്രൈക്ക് റേറ്റ്. വനിതാ ക്രിക്കറ്റിനെ സംബന്ധിച്ച് അത് വളരെ വലിയ സ്ട്രൈക്ക് റേറ്റാണ്. ഹർമൻപ്രീതും മിഥാലിയും ചേർന്ന ഒരു റെയർ ബ്രീഡ്. ഒരേ സമയം ക്ലാസി ഇന്നിംഗ്സും അറ്റാക്കും വശമുള്ള മികച്ച ഒരു പ്ലയർ. 18 വയസ്സ് മാത്രമേ ആയിട്ടുള്ളൂ എന്നോർക്കണം. കവർ ഡ്രൈവ്, സ്വീപ്പ്, സ്ട്രൈറ്റ് ഡ്രൈവ്, ഇൻസൈഡ് ഔട്ട് എന്നിങ്ങനെ ജമീമ കളിക്കുന്ന ക്ലാസിക്ക് കോപ്പിബുക്ക് ഷോട്ടുകൾ മിഥാലിയിൽ മാത്രമേ മുൻപ് കണ്ടിട്ടുള്ളൂ.

ടി-20 ചലഞ്ചിൽ എടുത്ത് പറയേണ്ട മറ്റൊരു പേരാണ് ഷെഫലി വർമ്മ. വെറും 15 വയസ്സ് മാത്രമാണ് പ്രായം. അധികം റൺസൊന്നും സ്വന്തം പേരിലില്ല. പക്ഷേ, ഫീൽഡിൽ ഷെഫലിയുടെ ആറ്റിറ്റ്യൂഡ് വളരെ മികച്ചതാണ്. ഫിയർലെസ് ക്രിക്കറ്റർ. ഫൈനലിൽ ന്യൂസിലൻഡിൻ്റെ ലോകോത്തര പേസർ ലീ തഹുഹുവിനെതിരെ ഷെഫലി അടിച്ച തുടർച്ചയായ രണ്ട് ബൗണ്ടറികൾ ആ വിശേഷണത്തിന് അടിത്തറയിട്ടു. ക്ലീൻ ഹിറ്ററാണ്. ഔട്ടായ ഷോട്ട് പോലും കൃത്യമായ ടൈമിങ്ങായിരുന്നു. പ്ലേസ്മൻ്റ് മാത്രമാണ് തെറ്റിയത്. 15 വയസ്സുള്ള ഒരു കൊച്ചു പെണ്ണ് അന്താരാഷ്ട്ര തലത്തിൽ ഏറെ അനുഭവ സമ്പത്തുള്ള ബൗളർമാരെ കൈകാര്യം ചെയ്ത രീതിയിലാണ് ഷെഫലിയുടെ സവിശേഷത. ഇന്ത്യയുടെ അടുത്ത സൂപ്പർ സ്റ്റാർ.

ഹർലീൻ ഡിയോൾ

മറ്റൊരാൾ ഹർലീൻ ഡിയോൾ. വയസ്സ് 20. ക്ലാസി പ്ലയർ. ഫുട്‌വർക്കൊക്കെ അപാരം. ഗ്യാപ്പ് കണ്ടെത്താൻ അസാമാന്യ കഴിവ്. അതിനെക്കാളുപരി ഒരു ടീം പ്ലയർ. ട്രെയിൽബ്ലേസേഴ്സിൻ്റെ രണ്ടാം മത്സരത്തിൽ 43 റൺസെടുത്ത് നിൽക്കുമ്പോൾ ടീം സ്കോർ ലക്ഷ്യമാക്കി ഉയർന്ന ഷോട്ടിനു ശ്രമിച്ച് പുറത്തായ ഹർലീൻ നൽകുന്നതും ശുഭ വാർത്തകളാണ്.

പ്രിയ പുനിയ

 

ഇനിയുമുണ്ട്. 22 കാരി പ്രിയ പുനിയ, 19 വയസ്സുകാരി രാധ യാദവ്, 22 വയസ്സുള്ള ദീപ്തി ശർമ്മ എന്നിങ്ങനെ കുറേയധികം പേരുകൾ.

രാധ യാദവ്

ഇനി മറ്റൊന്ന്. സാവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ കാണാൻ അത്യാവശ്യം ആളുകളുണ്ടായിരുന്നു. കളി കഴിഞ്ഞിട്ടും അവർ പോയില്ല. ക്ഷമയോടെ സ്റ്റേഡിയത്തിൽ തന്നെ തുടർന്ന അവർ പ്രസൻ്റേഷനും കൂടി സാക്ഷിയായിട്ടാണ് മടങ്ങിയത്. അതെ, ഇന്ത്യയിൽ വനിതാ ക്രിക്കറ്റ് വളരുക തന്നെയാണ്.

ദീപ്തി ശർമ്മ

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top