എം.ബി.ബി.എസ് പ്രവേശനത്തിലെ നേറ്റിവിറ്റി വ്യവസ്ഥ; കേരളത്തിലെ വിദ്യാർത്ഥികൾക്ക് കൂടുതൽ അവസരം ഉറപ്പുവരുത്തുമെന്ന് മന്ത്രി ശൈലജ

കേരളത്തിൽ എം.ബി.ബി.എസ് പ്രവേശനത്തിനുള്ള നേറ്റിവിറ്റി വ്യവസ്ഥ സുപ്രീം കോടതി സ്റ്റേ ചെയ്ത വിഷയത്തിൽ സർക്കാർ നിയമോപദേശം തേടിയതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. നിയയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ മുന്നോട്ട് പോകുമെന്നും കേരളത്തിലെ വിദ്യാർത്ഥികൾക്ക് കൂടുതൽ അവസരം ഉറപ്പുവരുത്താൻ ശ്രമിക്കുമെന്നും കെ.കെ ശൈലജ വ്യക്തമാക്കി. കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജുകളിൽ ഇതരസംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾക്കും പ്രവേശനത്തിന് അപേക്ഷ നൽകാൻ സൗകര്യമൊരുക്കണമെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
എംബിബിഎസ് പ്രവേശനത്തിനുള്ള പ്രോസ്‌പെക്ടസിൽ പറഞ്ഞിരുന്ന സ്വദേശി നിബന്ധന കാരണം സംസ്ഥാനത്തിന് പുറത്തുള്ളവർക്ക് അപേക്ഷിക്കാൻ സാധിച്ചിരുന്നില്ല. ഇത് ചോദ്യം ചെയ്ത് സ്വകാര്യ മാനേജ്‌മെന്റുകൾ നൽകിയ ഹർജിയിലായിരുന്നു കോടതിയുടെ ഉത്തരവ്. കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജുകളിൽ സംസ്ഥാനത്തിന് പുറത്തു നിന്നുള്ളവർക്ക് പ്രവേശനാനുമതി നിഷേധിക്കുന്ന വകുപ്പ് സ്‌റ്റേ ചെയ്യുന്നതാണ് ഫലത്തിൽ കോടതിയുടെ ഉത്തരവ്. ഓൺലൈൻ അപേക്ഷകൾ മെയ് 20 വരെ സ്വീകരിക്കാനും കോടതി നിർദേശം നൽകിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here