കാണാതായ 20 ലക്ഷം ഇവിഎമ്മുകളെക്കുറിച്ച് മാധ്യമപ്രവർത്തകൻ തയ്യാറാക്കിയ വീഡിയോ ട്വിറ്റർ നീക്കം ചെയ്തു

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ അഥവാ ഇവിഎമ്മുകളുമായി ബന്ധപ്പെട്ട് ഉയരുന്ന ആശങ്കകൾക്ക് പ്രചരിക്കുന്നത് തടയാൻ ട്വിറ്ററിന് മേൽ വീണ്ടും സമ്മർദം ചെലുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ. 20 ലക്ഷം വോട്ടിംഗ് യന്ത്രങ്ങൾ കാണാനില്ലെന്ന് റിപ്പോർട്ടിനെ അടിസ്ഥാനമാക്കി ജൻതാ കാ റിപ്പോർട്ടറിന്റെ എഡിറ്റർ തയ്യാറാക്കിയ വീഡിയോ ബ്ലോഗ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം മൂലം നീക്കം ചെയ്തു.
മുംബൈയിലെ ആർ.ടി.ഐ ആക്ടിവിസ്റ്റായ മനോരഞ്ജൻ റോയ് 2017, 2018 കാലയളവിൽ തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും ലഭിച്ച വിവരങ്ങൾ അടിസ്ഥാനമാക്കി പ്രസ്തുത വിവരം പുറത്തു വിട്ടത്. ദ ഹിന്ദുവിന്റെ കീഴിലുള്ള ഫ്രണ്ട്‌ലൈനിന്റെ കവർ സറ്റോറിയായി ഇത് പ്രസിദ്ധീകരിച്ചതോടെയാണ് വീണ്ടും ഇത് ശ്രദ്ധിക്കപ്പെടുന്നത്.
ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്, ഇലക്ട്രോണിക് കോർപറേഷൻ ഓഫ് ഇന്ത്യ എന്നീ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നുമായി 40 ലക്ഷം ഇ.വി.എമ്മുകൾ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയിട്ടുണ്ട്. എന്നാൽ കമ്മീഷന്റെ പക്കൽ 20 ലക്ഷം ഇ.വി.എമ്മുകളുടെ കണക്കുകൾ മാത്രമാണുള്ളതെന്ന് സമ്മതിച്ചിരുന്നു.
പ്രസ്തുത വിഷയം വിശദീകരിച്ചു കൊണ്ട് ജൻതാ കാ റിപ്പോർട്ടർ എഡിറ്റർ റിഫാത്ത് ജാവെദ് നിർമിച്ച വീഡിയോ ബ്ലോഗ് മാധ്യമ സ്ഥാപനത്തിന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ പങ്കു വെച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ട് ഇത് നീക്കം ചെയ്യുകയായിരുന്നു.
എന്നാൽ വോട്ടിംഗ് യന്ത്രങ്ങൾ കാണാനില്ലെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും ഭാഗികമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നുമായിരുന്നു വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here