നാലിൽ നാല്; മുംബൈയെ തോൽപിക്കാനാവില്ല മക്കളേ
ഐപിഎൽ അവസാനിച്ചു. നാലാം വട്ടം കിരീടം നേടിയ മുംബൈ ഇന്ത്യൻസ് റെക്കോർഡ് സ്ഥാപിച്ചു. അഞ്ചു ഫൈനലുകളിൽ നാലും ജയിച്ച മുംബൈയും രോഹിതും ഐപിഎൽ ടീമുകളിൽ ഏറ്റവുമുയരത്തിൽ നിൽക്കുന്നു. ഏഴിൽ മൂന്ന് വിജയങ്ങളുമായി ചെന്നൈ രണ്ടാം സ്ഥാനത്ത്. ഫൈനൽ മത്സരം ഈ സീസണിൽ അതിനു മുൻപ് മൂന്നു വട്ടം ആവർത്തിച്ചു. ഫൈനലുൾപ്പെടെ നാലു വട്ടവും ജയം മുംബൈക്ക്.
ഗ്രൂപ്പ് മത്സരത്തിൽ ഇരു ടീമുകളും ആദ്യം ഏറ്റുമുട്ടിയത് വാംഖഡെയിലായിരുന്നു. സൂര്യകുമാർ യാദവിൻ്റെ ഫിഫ്റ്റി, കൃണാൽ പാണ്ഡ്യയുടെ 42 എന്നീ സ്കോറുകളോടൊപ്പം അവസാന ഓവറുകളിൽ ഹർദ്ദിക് പാണ്ഡ്യയും കീറോൺ പൊള്ളാർഡും ചേർന്ന് നടത്തിയ കൂറ്റനടികളും ചേർന്നപ്പോൾ മുംബൈയുടെ സ്കോർ 5 വിക്കറ്റിന് 170. മറുപടി ബാറ്റിംഗിൽ കേദാർ ജാദവ് ഫിഫ്റ്റിയടിച്ചെങ്കിലും ചെന്നൈ 8 വിക്കറ്റിന് 133ൽ ഒതുങ്ങി. മുംബൈക്ക് 37 റൻസിൻ്റെ കൂറ്റൻ ജയം. മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി ഹർദ്ദിക്കും മലിംഗയുമാണ് അന്ന് ചെന്നൈയെ വീഴ്ത്തിയത്.
പിന്നീട് ഗ്രൂപ്പ് ഘട്ടത്തിൽ ഇരു ടീമുകളും തമ്മിൽ നടന്ന രണ്ടാം മത്സരം ചെന്നൈയിൽ. ചെപ്പോക്കിൽ, സ്പിന്നർമാരുടെ പറുദീസയായ പിച്ചിൽ ഫിഫ്റ്റിയടിച്ച രോഹിത് ശർമ്മയും സ്ലോഗ് ഓവറുകളിൽ തകർത്തടിച്ച ഹർദിക് പാണ്ഡ്യയും ചേർന്ന് മുംബൈയെ നാലു വിക്കറ്റിന് 155ൽ എത്തിച്ചു. ധോണി ഇല്ലാതിരുന്ന ആ മത്സരത്തിൽ മുംബൈക്കു മുൻപിൽ തകർന്നടിഞ്ഞ ചെന്നൈ 109 റൺസിന് ഓൾ ഔട്ടായി. താൻ കുഴിച്ച കുഴിയിൽ വീണ ചെന്നൈ അന്ന് തോറ്റത് ഭീമമായ 46 റൺസ് മാർജിനിൽ.
അടുത്ത പോരാട്ടം ക്വാളിഫയറിലായിരുന്നു. വീണ്ടും ചെപ്പോക്കിലെ സ്പിൻ പിച്ച്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ബാറ്റ്സ്മാന്മാരെ മുംബൈ സ്പിന്നർമാർ ചേർന്ന് കശാപ്പ് ചെയ്തു. മുരളി വിജയ്, അമ്പാട്ടി റായുഡു, എംഎസ് ധോണി എന്നിവരുടെ രക്ഷാപ്രവർത്തനം ചെന്നൈ സ്കോർ നാലു വിക്കറ്റ് നഷ്ടത്തിൽ 131 റൺസിലെത്തിച്ചു. തിരികെ സൂര്യകുമാർ യാദവിൻ്റെ ഒരു ക്ലാസി ഫിഫ്റ്റി. 19ആം ഓവറിൽ മുംബൈക്ക് അനായാസ ജയം.
ഇന്നലെ ഫൈനൽ. ഹൈദരാബാദിൽ മുംബൈ നേടിയത് ഒരു ശരാശരി സ്കോർ. ഫൈനൽ മത്സരങ്ങളിലെ പെർഫോമർ കീറോൺ പൊള്ളാർഡിൻ്റെ 41 തുണയായപ്പോൾ മുംബൈക്ക് 8 വിക്കറ്റ് നഷ്ടത്തിൽ 149 റൺസ്. തിരികെ മറ്റൊരു ബിഗ് മാച്ച് പ്ലയർ ഷെയിൻ വാട്സൺ 80 റൺസെടുത്ത് തിരിച്ചടിച്ചെങ്കിലും അവസാന പന്തിൽ മുംബൈക്ക് ഒരു റണ്ണിൻ്റെ ത്രസിപ്പിക്കുന്ന ജയം.
ചെന്നൈയുടെ സ്പിൻ കരുത്തിനെ കൗണ്ടർ ചെയ്യാൻ മുംബൈക്ക് മുന്നിൽ വഴികളുണ്ടായിരുന്നു എന്നതാണ് ഈ വിജയങ്ങൾക്കു പിന്നിലെ പൊതുവായ ഘടകം. ചെപ്പോക്കിലെ സ്പിൻ ട്രാക്കിൽ പോലും മുംബൈ ചെന്നൈയെ തോല്പിച്ചത് അതിനു തെളിവാണ്. മറ്റൊന്ന്, മുംബൈക്കെതിരെ എംഎസ് ധോണിയുടെ പ്രകടനമാണ്. മൂന്ന് മത്സരത്തിലാണ് ധോണി കളിക്കാനിറങ്ങിയത്. രണ്ട് മത്സരത്തിൽ കാര്യമായി ഒന്നും ചെയ്യാനായില്ല. ഒരു മത്സരത്തിലാവട്ടെ മെല്ലെയാണ് സ്കോർ ചെയ്യാൻ സാധിച്ചതും. അവിടെയാണ് മുംബൈ സ്കോർ ചെയ്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here