ഭാര്യയുടെ യാത്രാച്ചിലവ്; കത്ത് പിൻവലിക്കില്ലെന്ന് പിഎസ്‌സി ചെയർമാൻ

ഔദ്യോഗിക യാത്രയിൽ അനുഗമിക്കുന്ന ഭാര്യയുടെ യാത്രാ ചിലവും സർക്കാർ വഹിക്കണമെന്നാവശ്യപ്പെട്ട് നൽകിയ കത്ത് പിൻവലിക്കില്ലെന്ന് പി.എസ്.സി ചെയർമാൻ എം.കെ സക്കീർ. സംഭവം ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത യോഗത്തിൽ യുഡിഎഫ് അംഗങ്ങൾ ഉൾപ്പെടെ പിഎസ്‌സി ചെയർമാനെ പിന്തുണച്ചു.സർക്കാരിന് കത്ത് അയച്ച സെക്രട്ടറിക്ക് ജാഗ്രത കുറവുണ്ടായെന്ന് യോഗത്തിൽ വിമർശനമുയർന്നു. തെറ്റിദ്ധാരണ ഉണ്ടാക്കാനുള്ള ശ്രമമാണ് നടന്നതെന്നായിരുന്നു പിഎസ്‌സി ചെയർമാന്റെ പ്രതികരണം.സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതിനിടെ പിഎസ്‌സി ചെയർമാന്റെ ഭാര്യയുടെ യാത്രാച്ചിലവ് കൂടി സർക്കാർ വഹിക്കണമെന്ന ആവശ്യവുമായി കേരള പബ്ലിക് സർവീസ് കമ്മീഷൻ നേരത്തെ സർക്കാരിന് കത്തെഴുതിയിരുന്നു.
സംസ്ഥാന പിഎസ്‌സി അധ്യക്ഷൻമാരുടെ ദേശീയ സമ്മേളനവും അതിന്റെ ഭാഗമായുള്ള സ്റ്റാൻഡിങ് കമ്മിറ്റി യോഗങ്ങളും വിവിധ സംസ്ഥാനങ്ങളിൽ നടക്കുമ്പോൾ പിഎസ്‌സി ചെയർമാനോടൊപ്പം ജീവിതപങ്കാളിക്കും ക്ഷണമുണ്ടെന്നും, മറ്റു സംസ്ഥാനങ്ങളിൽ ജീവിതപങ്കാളിയുടെ യാത്രാച്ചിലവ് സർക്കാരാണ് വഹിക്കുന്നതെന്നും പറയുന്ന കത്തിൽ കേരളത്തിലെ പിഎസ്‌സി ചെയർമാന്റെ ഭാര്യയുടെ യാത്രാച്ചിലവും സർക്കാർ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പിഎസ്‌സി ചെയർമാൻ എം.കെ സക്കീറിന്റെ ആവശ്യപ്രകാരം സെക്രട്ടറി സാജു ജോർജാണ് സർക്കാരിന് കത്ത് കൈമാറിയത്. പിഎസ്‌സി സെക്രട്ടറിയുടെ ആവശ്യത്തിൽ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here