ചേട്ടൻ ബാവ അനിയൻ ബാവ; ഈ ഐപിഎല്ലിന്റെ കണ്ടെത്തൽ

രാഹുൽ ചഹാർ, ദീപക് ചഹാർ. ഈ ഐപിഎൽ അവസാനിക്കുമ്പോൾ ഉയർന്ന് കേൾക്കുന്ന രണ്ട് പേരുകൾ. പേര് സൂചിപ്പിക്കും പോലെ ഇരുവരും സഹോദരന്മാരാണ്. ചേട്ടൻ ദീപക് പേസ് ബൗളറും അനിയൻ രാഹുൽ ലെഗ് സ്പിന്നറും. ചേട്ടൻ ചെന്നൈ സൂപ്പർ കിംഗ്സിനു വേണ്ടി പവർ പ്ലേ ഓവറുകളിൽ വിക്കറ്റെടുക്കുമ്പോൾ അനിയൻ മുംബൈക്കു വേണ്ടി മധ്യ ഓവറുകളിൽ റൺ നിരക്ക് പിടിച്ച് നിർത്തുന്നു.
16ആം വയസ്സിൽ രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ ടീമിലുൾപ്പെടുത്താൻ നിരസിച്ച ദീപക്, രാഹുൽ ചഹാറിനൊപ്പം റൈസിംഗ് പൂനെ ടീമിലുണ്ടായിരുന്നുവെങ്കിലും കിട്ടിയ ചുരുക്കം അവസരങ്ങളിൽ ഇരുവർക്കും കാര്യമായ പ്രകടനം നടത്താനായില്ല. പഴകിയ പന്തിൽ ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന ഇമേജാണ് ദീപകിനെ തകർത്തതെങ്കിൽ തീരെ പ്രായം കുറവായതാണ് രാഹുലിന് തിരിച്ചടിയായത്.
അടുത്ത വർഷം ചെന്നൈ സൂപ്പർ കിംഗ്സ് ദീപക് ചഹാറിനെയും ചിരവൈരികളായ മുംബൈ ഇന്ത്യൻസ് രാഹുൽ ചഹാറിനെയും സ്വന്തമാക്കുന്നു. സീസണിൽ 10 വിക്കറ്റിട്ട ദീപക് ഐപിഎൽ ഭൂമികയിൽ ഒരു അടയാളപ്പെടുത്തലുണ്ടാക്കി. രാഹുൽ ചഹാർ ആ സീസണിൽ കളിച്ചില്ല. തുടർന്നാണ് 2019 ഐപിഎൽ സീസണെത്തുന്നത്.
ദീപക് ഒരുപാട് മാറിയിരുന്നു. ഒരു പക്കാ ടി-20 ബൗളർ എന്ന വിശേഷണം ദീപക് നേടിയെടുത്തു. ലെംഗ്തും ലൈനും പേസും വ്യത്യാസപ്പെടുത്തി, ബാറ്റ്സ്മാൻ ചിന്തിക്കുന്നതിനു വിപരീതമായി പന്തെറിയുന്നൊരു ദീപകിനെയായിരുന്നു 2019 കണ്ടത്. കട്ടറുകളും യോർക്കറുകളും ബൗൺസറുകളും ദീപക് ഫലപ്രദമായി ഉപയോഗിച്ചു. സീസൺ അവസാനിക്കുമ്പോൾ 22 വിക്കറ്റുകളുമായി ദീപക് വിക്കറ്റ് വേട്ടയിൽ മൂന്നാമത്. ഇതിനിടെ ദീപക് ഇന്ത്യക്ക് വേണ്ടിയും അരങ്ങേറി. ഒരു ഏകദിനവും ഒരു ടി-20യുമാണ് ദീപക് ഇന്ത്യൻ ജേഴ്സി അണിഞ്ഞത്. അത്ര നല്ല പ്രകടനമായിരുന്നില്ല. തുടർന്നാണ് 2019 ഐപിഎൽ സംഭവിക്കുന്നത്. ഇനി കളി മാറും.
മറുവശത്ത് രാഹുൽ ചഹാറും വരവറിയിച്ചു. 19 വയസ്സ് മാത്രമുള്ള രാഹുൽ ഈ ഐപിഎല്ലിലെ ഏറ്റവും മികച്ച എക്കണോമിയുള്ള ബൗളർമാരിൽ അഞ്ചാം സ്ഥാനത്താണ്. 6.55 ആണ് രാഹുലിൻ്റെ എക്കണോമി. 13 വിക്കറ്റുകൾ. മുംബൈക്ക് വേണ്ടി ഫൈനലിൽ 14 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ രാഹുലാണ് മധ്യ ഓവറുകളിൽ കളി പിടിച്ച് മത്സരം ടൈറ്റാക്കിയത്.
എന്തായാലും ഇന്ത്യയുടെ ഭാവിയിലേക്ക് രണ്ട് പേർ കൂടി തയ്യാറെടുക്കുകയാണ്. യൂസുഫിനും ഇർഫാനും ശേഷം, കൃണാലിനും ഹർദ്ദിക്കിനും ശേഷം, ഇനി ദീപക്കിൻ്റെയും രാഹുലിൻ്റെയും ഊഴമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here