കെവിൻ വധക്കേസ്; സാങ്കേതിക തെളിവുകൾ വിചാരണ കോടതി പരിശോധിച്ചു

കെവിൻ കേസിലെ സാങ്കേതിക തെളിവുകൾ വിചാരണ കോടതി പരിശോധിച്ചു. പ്രതികൾ കോട്ടയത്ത് വന്നതിനും, കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടു പോയ ശേഷം മേയ് ഇരുപത്തിയേഴിന് പുലർച്ചെ കൊല്ലം ചാലിയേക്കരയിൽ എത്തിയതിനും തെളിവായ ദൃശ്യങ്ങളാണ് പരിശോധിച്ചത്.
പ്രതികൾ സഞ്ചരിച്ച രണ്ട് വാഹനങ്ങൾ, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ കെ.എം നജീബ് തിരിച്ചറിഞ്ഞു. ഒൻപതാംപ്രതി ടിറ്റുവിന്റെ ഉടമസ്ഥതയിലുള്ള ഐ20 കാർ പന്ത്രണ്ടരയോടെ കോട്ടയത്തേക്ക് വന്നെന്നും, രണ്ടേമുക്കാലോടെ തിരികെ പോയെന്നും ഗതാഗത ലംഘനത്തിന് സിസിടിവിയിൽ തെളിഞ്ഞ ചിത്രം മുൻനിർത്തി നജീബ് മൊഴി നൽകി.
Read Also : കെവിൻ വധക്കേസ്; മുഖ്യ സാക്ഷി അനീഷിന്റെ വിസ്താരം പൂർത്തിയായി
ഈ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് തിരികെയുള്ള യാത്രയിൽ മറച്ചിരുന്നതായും മൊഴിയുണ്ട്. കെവിനെ തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ചത് ഈ കാറായിരുന്നു. ഒന്നാം പ്രതി സ്യാനു ചാക്കോയുടെ ഉടമസ്ഥതയിലുള്ള വാഗൺ ആർ കാറും കോട്ടയത്ത് എത്തിയതിന്റെ ദൃശ്യങ്ങൾ നജീബ് തിരിച്ചറിഞ്ഞു. ഇതേ കാറുകളും മറ്റൊരു ഇന്നോവയും കെവിന്റെ മൃതദേഹം കണ്ടെത്തിയ ചാലിയേക്കരയ്ക്ക് സമീപം എത്തിയതിന്റെ ദൃശ്യങ്ങളും കോടതി പരിശോധിച്ചു. സിസിടിവി സ്ഥാപിച്ച കടയുടമ രാജീവാണ് ഇവ തിരിച്ചറിഞ്ഞത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here