ഇനി അടി കൈക്കും കാലിനും, തല തല്ലിപ്പൊട്ടിക്കുമെന്ന് ഭയക്കേണ്ട; പുതിയ ലാത്തിമുറയുമായി കേരള പൊലീസ്

പുതിയ ലാത്തിമുറ പരീക്ഷിക്കാൻ കേരള പൊലീസ്. ലാത്തി ചാർജിനിടെ തല പൊട്ടിക്കുന്നത് അടക്കമുള്ള കടുത്ത മുറകൾ ഒഴിവാക്കി തന്ത്രപരമായി ആൾക്കൂട്ടത്തെ നേരിടുക എന്ന ലക്ഷ്യത്തോടെ പുതിയ രീതി പരീക്ഷിക്കാനാണ് പൊലീസ് തയ്യാറായിരിക്കുന്നത്. തല തല്ലിപ്പൊട്ടിക്കുന്നതിന് പകരം ഇനി കൈക്കും കാലിനുമായിരിക്കും അടി കിട്ടുക. പുതിയ രീതിയിലുള്ള ലാത്തി ചാർജിന്റെ ആദ്യഘട്ട പരിശീലനം കൊച്ചിയിൽ ആരംഭിച്ചു.
പ്രതിഷേധക്കാരുടെ രീതിക്കനുസരിച്ച് പ്രതിരോധിക്കുകയെന്ന തന്ത്രത്തോടെയാണ് പൊലീസ് പുതിയ ലാത്തിചാർജ് രീതി അവതരിപ്പിക്കുന്നത്. എണ്ണത്തിൽ കുറവ് പൊലീസുകാർ വലിയ ആൾക്കൂട്ടത്തെ നേരിടുമ്പോൾ ഉണ്ടാവുന്ന പാളിച്ചകൾ മറികടക്കാൻ സഹായിക്കുന്നതും പൊലീസിനെ ആക്രമിക്കുന്നവരെ എളുപ്പം കീഴടക്കാൻ സഹായിക്കുന്നതുമാണ് പുതിയ രീതിയിലുള്ള പരിശീലനം. ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിർദ്ദേശ പ്രകാരമാണ് പുതിയ രീതിയിലുള്ള ലാത്തി ചാർജ് പരിശീലനത്തിന് തുടക്കമിട്ടിരിക്കുന്നത്.
അഡ്മിനിസ്ട്രേഷൻ ഡിഐജി കെ.സേതുരാമന്റെ നേതൃത്വത്തിലാണ് പൊലീസ്കാർക്ക് പുതിയ പരിശീലനം നൽകുന്നത്. പൊലീസ് സേനയിലെ അൻപതിനായിരം പൊലീസുകാർക്കും വരും ദിവസങ്ങളിൽ പുതിയ രീതിയിൽ പരിശീലനം നൽകും. ഇതിനായി പ്രത്യേക പരിശീലന വിഭാഗത്തേയും നിയോഗിച്ചു. അടുത്ത നൂറു ദിവസം കൊണ്ട് പരിശീലനം പൂർത്തിയാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here