നിഖാബ് നിരോധനം; ഫസല്‍ ഗഫൂര്‍ നടത്തുന്ന പ്രസ്താവനകള്‍ അതിര് കവിയുന്നുവെന്ന് സമസ്ത

എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂറിന് എതിരെ സമസ്ത വിണ്ടും രംഗത്ത്. നിഖാബ് നിരോധനവുമായി ബന്ധപ്പെട്ട് മത പണ്ഡിതര്‍ക്കെതിരെ ഫസല്‍ ഗഫൂര്‍ നടത്തുന്ന പ്രസ്താവനകള്‍ അതിര് കവിയുന്നുണ്ടെന്ന് സമസ്ത. മത പണ്ഡിതര്‍ക്കെതിരെയും പണ്ഡിതസഭകളേയും അവഹേളിക്കുന്ന പ്രസ്താവനകള്‍ ഫസല്‍ ഗഫൂര്‍ നടത്തിയാല്‍ മുസ്ലിം സമുദായം നോക്കിനില്‍ക്കില്ല. ഈ വിഷയത്തെ എങ്ങനെ നേരിടണം എന്ന് സമസ്ത കോഡിനേഷന്‍ കമ്മറ്റി യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.
നിഖാബ് സംബന്ധമായ വിഷയങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇവിടെ വെച്ച് അവസാനിപ്പിക്കുന്നതാണ് സമസ്തക്ക് നല്ലതെന്ന എംഇഎസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂറിന്റെ പ്രസ്താവനക്ക് എതിരെയാണ് സമസ്ത രംഗത്ത് എത്തിയിരിക്കുന്നത്. മുസ്ലിം സമുദായത്തെ ദിക്കരിച്ച് കൊണ്ട് ഫസല്‍ ഗഫൂര്‍ മുന്നോട്ട് പോവുകയാണങ്കില്‍ സമസ്ത കോഡിനേഷന്‍ കമ്മറ്റി യോഗം ചേര്‍ന്ന് ഈ വിഷയത്തെ എങ്ങനെ നേരിടണം എന്ന് തീരുമാനിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. നിഖാബ് നിരോധിച്ചു കൊണ്ടുള്ള സര്‍ക്കുലര്‍ പിന്‍വലിക്കുകയും,മതപണ്ഡിതന്‍മാരെ അവഹേളിക്കുന്ന തരത്തില്‍ നടത്തിയ പ്രസ്താവനക്ക് മാപ്പ്പറയണമെന്ന് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു.
സ്ഥാപന മേലാധികാരിക്ക് അവരുടെ സ്ഥാപനത്തില്‍ ഡ്രസ് കോഡ് നിശ്ചയിക്കാന്‍ അവകാശമുണ്ട് . എന്നാല്‍ വ്യക്തി സ്വതന്ത്ര്യത്തെ ഹനിക്കുന്നതായാല്‍ അതിനെ ജനാധിപത്യ രാജ്യത്തു അംഗീകരിക്കാനാവില്ല .നിഖാബ് ധരിച്ചതിന്റെ പേരില്‍ ഏതെങ്കിലും സ്ഥാപനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടാല്‍ അവര്‍ക്ക് സംഘടന എല്ലാ വിധ പിന്തുണയും നല്‍കുമെന്നും സമസ്ത നേതാക്കള്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here