ലോകമൊട്ടാകെയുള്ള മുസ്ലീം വിഭാഗക്കാര്‍ പ്രതിസന്ധിയിലൂടെ കടന്ന് പോകുന്നുവെന്ന് ഇഫ്താര്‍ വിരുന്നിനിടയില്‍ ട്രംപ്

ലോകമൊട്ടാകെയുള്ള മുസ്ലീംമുകള്‍ പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന കാലഘട്ടമാണിതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ മുസ്ലീം മത വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഒരുക്കിയ ഇഫ്താര്‍ വിരുന്നിനിടെ സംസാരിക്കുകയായിരുന്നു ട്രംപ്.
അമേരിക്കന്‍ കോണ്‍ഗ്രസിലെ അംഗങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായാണ് വൈറ്റ്‌ഹൌസില്‍ ഇഫ്താര്‍ വിരുന്ന് ഒരുക്കിയത്. ഇത് രണ്ടാം തവണയാണ് ട്രംപ് ഭരണകാലത്ത് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിക്കുന്നത്. ന്യൂസിലന്‍ഡിലെയും ശ്രീലങ്കയിലേയും തീവ്രവാദ ആക്രമണം ചൂണ്ടിക്കാട്ടി ലോകത്ത് മുഴുവന്‍ മുസ്ലിം മത വിഭാഗം കഠിനമായ കാലത്തിലൂടെയാണ് കടന്ന് പോകുന്നത് എന്ന് ട്രംപ് പറഞ്ഞു.
ന്യൂസിലന്‍ഡിലെ മുസ്ലീം പള്ളിയിലുണ്ടായ വെടിവെയ്പ്പില്‍ മരണപ്പെട്ടവര്‍ക്കൊപ്പമാണ് തന്റെ മനസെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ഒപ്പം ശ്രീലങ്കയിലേയും കാലിഫോര്‍ണിയയിലേയും പിറ്റ്‌സ്ബര്‍ഗിലേയും അക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരേയും ട്രംപ് അനുസ്മരിച്ചു. മരണപ്പെട്ടവരുടെ ദീപ്തമായ ഓര്‍മ്മകളില്‍ നിന്ന് കൊണ്ട് തീവ്രവാദത്തേയും മതഭ്രാന്തിനേയും ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിക്കണമെന്നും ട്രംപ് ആഹ്വാനം ചെയ്തു. എല്ലാ ജനങ്ങള്‍ക്കും ഭീതി കൂടാതെ പ്രാര്‍ത്ഥന നടത്താന്‍ അവസരമുണ്ടാവുകയാണ് തന്റെ ലക്ഷ്യമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
1996 മുതല്‍ എല്ലാ വര്‍ഷവും അമേരിക്കയിലെ വൈറ്റ് ഹൗസില്‍ ഇഫ്താര്‍ സംഗമം നടത്താറുണ്ട്. ഹിലരി ക്ലിന്റനാണ് ആദ്യമായി ഇഫ്താര്‍ വിരുന്നൊരുക്കിയത്. പിന്നീട് 2017 ല്‍ ട്രംപ് ഇഫ്താര്‍ സംഘടിപ്പിക്കുന്നില്ല എന്ന് തീരുമാനമെടുത്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here