കര്‍ഫ്യൂ തുടരുന്ന ശ്രീലങ്കയില്‍ വര്‍ഗീയകലാപങ്ങള്‍ പടരുന്നു; അക്രമത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

കര്‍ഫ്യൂ തുടരുന്ന ശ്രീലങ്കയില്‍ വര്‍ഗീയകലാപങ്ങള്‍ പടരുന്നു. അക്രമസംഭവങ്ങളില്‍ ഒരാള്‍ കൊല്ലപ്പെട്ടു. വിവിധ കേസുകളില്‍ 60 ലധികം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച്ച പ്രഖ്യാപിച്ച ദേശവ്യാപക രാത്രികാല കര്‍ഫ്യൂ ഇപ്പോഴും തുടരുകയാണ്.
രാജ്യമൊട്ടാകെ പ്രഖ്യാപിച്ച കര്‍ഫ്യൂ ഇന്ന് മൂന്നാം ദിവസത്തേക്ക് കടന്നു. ഈസ്റ്റര്‍ ദിനത്തിലുണ്ടായ ചാവേര്‍ സ്‌ഫോടന പരമ്പരയ്ക്ക് പിന്നാലെയാണ് രാജ്യത്താകമാനം വര്‍ഗീയ സംഘര്‍ഷങ്ങള്‍ പടര്‍ന്നത്. ഇതോടെയാണ് രാജ്യത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. മുസ്ലീം പ്രദേശങ്ങളെ കേന്ദ്രീകരിച്ചാണ് കൂടുതല്‍ കലാപസംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. കടകള്‍ക്കും വാഹനങ്ങള്‍ക്കും തീയിട്ട കലാപകാരികള്‍ ആരാധനാലയങ്ങളും തകര്‍ത്തു. ഇരുമ്പുവടികളും വാളുകളുമായെത്തിയ അക്രമികള്‍ വീടുകളും ആക്രമിച്ചു. വെട്ടേറ്റാണ് ഒരാള്‍ കൊല്ലപ്പെട്ടത്. കുട്ടികളും സ്ത്രീകളുമടക്കമുളളവര്‍ കൃഷിയിടങ്ങളില്‍ ഒളിച്ചുകഴിയുകയാണെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുന്നത്. വര്‍ഗീയ സംഘര്‍ഷത്തില്‍ ഐക്യരാഷ്ട്രസംഘടന ഉല്‍കണ്ഠ പ്രകടിപ്പിച്ചിട്ടുണ്ട്. വിവിധ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 60 പേരാണ് അറസ്റ്റിലായത്.
അതേസമയം ഏപ്രില്‍ 21നു നടന്ന ചാവേറാക്രമണ പരമ്പരയ്ക്കു പിന്നിലെന്നു സംശയിക്കുന്ന നാഷനല്‍ തൗഹീദ് ജമാഅത്ത് അടക്കം 3 സംഘടനകളെ നിരോധിച്ച് പ്രസിഡന്റ് മൈത്രിപാല സിരിസേന വിജ്ഞാപനമിറക്കി. ജമാഅത്തെ മില്ലത്തെ ഇബ്രാഹീം, വിലായത്താസ് സെയ്ലാനി എന്നിവയാണ് നിരോധിക്കപ്പെട്ട മറ്റു സംഘടനകള്‍. സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ ആയിരത്തോളം പേര്‍ അറസ്റ്റിലായി. ചാവേറാക്രമണവുമായി ബന്ധപ്പെട്ട എല്ലാവരെയും പിടികൂടുകയോ വധിക്കുകയോ ചെയ്തതായി പൊലീസ് അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here