Advertisement

നെയ്യാറ്റിൻകരയിലെ അമ്മയുടെയും മകളുടെയും ആത്മഹത്യാ കേസിൽ വഴിത്തിരിവ്; ആത്മഹത്യയ്ക്ക് പിന്നിൽ കുടുംബ പ്രശ്‌നങ്ങൾ, ഭർത്താവ് കസ്റ്റഡിയിൽ

May 15, 2019
1 minute Read

നെയ്യാറ്റിൻകരയിൽ ഇന്നലെ അമ്മയും മകളും ആത്മഹത്യ ചെയ്ത  സംഭവത്തിലെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. ആത്മഹത്യക്ക് ഉത്തരവാദി ഭർത്താവും ബന്ധുക്കളായ രണ്ട് സ്ത്രീകളുമാണെന്നുള്ള വീട്ടമ്മയുടെ  ആത്മഹത്യാ  കുറിപ്പ് പൊലീസ് കണ്ടെടുത്തു. വീട് പണിയുന്നതിനെടുത്ത ലോൺ തിരിച്ചടയ്ക്കാത്തതിനെ തുടർന്ന്  ജപ്തി നടപടികളിൽ വരെയെത്തിയിട്ടും ഭർത്താവ് ചന്ദ്രൻ ഒന്നും ചെയ്തില്ലെന്നും സ്ഥലം വിറ്റ് ലോൺ തീർക്കാൻ ശ്രമിച്ചപ്പോൾ ഇതിനെ എതിർത്തെന്നും ആത്മഹത്യാ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.  സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിന്റെ അമ്മ കൃഷ്ണമ്മ വിഷം തന്ന് കൊല്ലാൻ ശ്രമിച്ചിട്ടുണ്ടെന്നും തന്റെയും മോളുടെയും മരണത്തിന് പിന്നിൽ കൃഷ്ണമ്മയും ശാന്തയും കാശിയും ചന്ദ്രനുമാണെന്നും ലേഖ കുറിപ്പിൽ വ്യക്തമാക്കുന്നു. ഫൊറൻസിക് പരിശോധനയിലാണ് കുറിപ്പ് കണ്ടെത്തിയത്.

ആത്മഹത്യ കുറിപ്പ് കണ്ടെടുത്തതിന് പിന്നാലെ ലേഖയുടെ ഭർത്താവ് ചന്ദ്രനെയും ബന്ധുവായ സ്ത്രീയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലിൽ ആത്മഹത്യാക്കുറിപ്പിലെ കാര്യങ്ങൾ സത്യമാണെന്ന് പ്രതികൾ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. നെയ്യാറ്റിൻകര മഞ്ചവിളാകം ‘വൈഷ്ണവി’ യിൽ ലേഖ (42), മകൾ വൈഷ്ണവി (19) എന്നിവരാണ് ഇന്നലെ വൈകീട്ടോടെ തീ കൊളുത്തി ആത്മഹത്യ ചെയ്തത്. കനറാ ബാങ്കിൽ നിന്നും കുടുംബം ജപ്തി ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നതിനിടെയായിരുന്നു ആത്മഹത്യ. ഇതേ തുടർന്ന് തിരുവനന്തപുരത്ത് കനറാ ബാങ്ക് ശാഖകൾക്ക് നേരെ വ്യാപക പ്രതിഷേധമാണ് ഇന്ന് രാവിലെ നടന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top