നെയ്യാറ്റിൻകരയിലെ അമ്മയുടെയും മകളുടെയും ആത്മഹത്യ; പ്രതികൾ കുറ്റം സമ്മതിച്ചതായി റിമാൻഡ് റിപ്പോർട്ട്

നെയ്യാറ്റിൻകരയിൽ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികൾ കുറ്റം സമ്മതിച്ചതായി റിമാൻഡ് റിപ്പോർട്ട്. ആത്മഹത്യ കുടുംബവഴക്കും കടബാധ്യതയിലുമുള്ള മനോവിഷമം മൂലമെന്നും റിപ്പോർട്ടിൽ പറയുന്നു. വീട് വിൽപ്പനയ്ക്ക് ഭർതൃമാതാവ് തടസം നിന്നത് മനോവിഷമം വർധിപ്പിച്ചു. കടബാധ്യതയുടെ പേരിൽ പ്രതികൾ ലേഖയെ കുറ്റപ്പെടുത്തിയിരുന്നുവെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അതേസമയം, സംഭവത്തിൽ കുടുംബ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന കൂടുതൽ രേഖകൾ പുറത്തുവന്നു. ലേഖയുടെതെന്ന് കരുതുന്ന കുറിപ്പുകൾ അടങ്ങിയ നോട്ട് ബുക്കിൽ, സാമ്പത്തിക ബാധ്യതയുടെ ഉത്തരവാദിത്തം തന്റെ തലയിൽ കെട്ടിവയ്ക്കാൻ ചന്ദ്രനും കൃഷ്ണമ്മയും ശ്രമിച്ചിരുന്നതായി പറയുന്നു. പൊലീസ് സംഘം വീട്ടിൽ നടത്തിയ പരിശോധനയിലാണ് നോട്ട് ബുക്ക് കണ്ടെത്തിയത്. ലേഖ കടന്നുപോയത് കടുത്ത മാനസിക സംഘർഷങ്ങളിലൂടെയാണെന്നും നോട്ട്ബുക്കിലുണ്ട്.
കടങ്ങൾ എങ്ങനെ ഉണ്ടായിയെന്നും ഗൾഫിൽ നിന്ന് താൻ അയച്ച പണം എന്ത് ചെയ്തുവെന്നും ആർക്ക് കൊടുത്തുവെന്നും ചോദിച്ചു ചന്ദ്രനും കൃഷ്ണമ്മയും കുറ്റപ്പെടുത്തിയിരുന്നു. എല്ലാം തന്റെ തലയിൽ കെട്ടിവെക്കാനായിരുന്നു ശ്രമം. തന്നെ സമൂഹത്തിന് മുന്നിൽ മോശക്കാരിയായി ചിത്രീകരിക്കാർ ഭർത്താവിന്റെ അമ്മ ശ്രമിച്ചിരുന്നതായും കുറിപ്പിലുണ്ട്. ഓരോ ദിവസത്തെയും ചിലവുകൾ സംബന്ധിച്ചും ബുക്കിൽ പരാമർശമുണ്ട്.
ലേഖയുടെ ബന്ധുക്കളെയും പൊലീസ് ചോദ്യം ചെയ്യും. മൊഴി നൽകാൻ ഹാജരാകണമെന്ന് കാട്ടി കാനറാ ബാങ്ക് നെയ്യാറ്റിൻകര ശാഖയിലെ ഉദ്യോഗസ്ഥർക്കും പൊലീസ് കത്ത് നൽകും. കൂടുതൽ മൊഴികളും രേഖകളും ലഭിക്കുന്നതിനനുസരിച്ച് പ്രതികളെ വിശദ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങും.കേസിൽ ലേഖയുടെ ഭർത്താവ് ഉൾപ്പെടെ നാല് പേരാണ് പ്രതികളായിട്ടുണ്ട്.
ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് നെയ്യാറ്റിൻകരയിലെ വീട്ടിൽ ലേഖയും മകൾ വൈഷ്ണവിയും ആത്മഹത്യക്ക് ശ്രമിച്ചത്. വൈഷ്ണവി സംഭവ സ്ഥലത്തും ലേഖ ആശുപത്രിയിലുമാണ് മരിച്ചത്. കാനറ ബാങ്കിന്റെ ജപ്തി ഭീഷണിയെത്തുടർന്നാണ് ഇരുവരും ആത്മഹത്യക്ക് ശ്രമിച്ചതെന്നായിരുന്നു വാർത്തകൾ. കുടുംബ പ്രശ്‌നങ്ങളും ആത്മഹത്യക്ക് കാരണമായി എന്ന നിർണ്ണായക വിവരങ്ങളും പിന്നാലെ പുറത്തുവന്നു. ഇത് വ്യക്തമാക്കുന്ന ലേഖ എഴുതിയ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നു. വീട് നിർമ്മാണത്തിനെടുത്ത ലോൺ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ജപ്തി നടപടികളിൽ വരെയെത്തിയിട്ടും ഭർത്താവ് ചന്ദ്രൻ ഒന്നും ചെയ്തില്ലെന്നും സ്ഥലം വിറ്റ് ലോൺ തീർക്കാൻ ശ്രമിച്ചപ്പോൾ ഇതിനെ എതിർത്തെന്നും ആത്മഹത്യാക്കുറിപ്പിൽ ലേഖ വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here