പ്രധാനമന്ത്രി വാർത്താസമ്മേളനം നടത്തുന്നത് സ്വാഗതാർഹമെന്ന് രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദി വാർത്താ സമ്മേളനം നടത്തുന്നത് സ്വാഗതാർഹമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. എന്നാൽ, റഫാൽ വിഷയത്തിൽ കൂടി പ്രതികരിക്കാൻ മോദി തയാറാവണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. സംവാദത്തിന് എന്തിനാണ് മോദി ഭയപ്പെടുന്നതെന്നും രാഹുൽ ചോദിച്ചു. പ്രധാനമന്ത്രിയും അമിത് ഷായും ഡൽഹിയിൽ ബിജെപി ആസ്ഥാനത്ത് മാധ്യമങ്ങളെ കണ്ട അതേ സമയത്താണ് രാഹുൽ ഗാന്ധി എഐസിസി ആസ്ഥാനത്ത് വാർത്താസമ്മേളനം നടത്തിയത്.
നരേന്ദ്രമോദിയുടെ പ്രത്യയശാസ്ത്രം ഹിംസയാണ്. താൻ മോദിയുടെ കുടുംബാംഗങ്ങളെ വിമർശിക്കുന്നില്ല. കാരണം അവർക്ക് രാഷ്ട്രീയവുമായി ബന്ധമില്ല. എന്നാൽ നിരന്തരമായി തന്റെ കുടുംബത്തെ അപമാനിക്കുകയാണ് മോദി ചെയ്യുന്നതെന്ന് രാഹുൽ പറഞ്ഞു. കോൺഗ്രസ് സത്യം മാത്രമാണ് തെരഞ്ഞെടുപ്പിൽ പറയുന്നത്. തെരഞ്ഞെടുപ്പിൽ അന്തിമ വിജയം സത്യത്തിന് മാത്രമായിരിക്കും. രാജ്യം ആര് ഭരിക്കണമെന്ന് ജനങ്ങൾ തീരുമാനിക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ ബിജെപിക്ക് അനുകൂലമായാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നതെന്നും രാഹുൽ കുറ്റപ്പെടുത്തി.
പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് നരേന്ദ്ര മോദി വാർത്താസമ്മേളനം നടത്തിയത്. പ്രജ്ഞ സിംഗ് താക്കൂറിന്റെ വിവാദപരാമർശങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയാണ് മോദി മാധ്യമങ്ങളെ കണ്ടത്. എന്നാൽ വിവാദങ്ങളോടൊന്നും മോദി പ്രതികരിച്ചില്ല. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും മോദിക്കൊപ്പമുണ്ടായിരുന്നു. ചുരുങ്ങിയ വാക്കുകളിൽ മാത്രമാണ് നരേന്ദ്ര മോദി പ്രതികരിച്ചത്. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയത് അമിത് ഷായായിരുന്നു.
അമിത് ഷാ വാർത്താ സമ്മേളനം നടത്തുമെന്നാണ് ആദ്യം വ്യക്തമാക്കിയിരുന്നത്. പിന്നീട് അപ്രതീക്ഷിതമായി നരേന്ദ്രമോദി കൂടി വാർത്താ സമ്മേളനത്തിനെത്തുകയായിരുന്നു. മോദി സർക്കാരിന്റെ ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് അമിത് ഷായാണ് വാർത്താസമ്മേളനത്തിൽ ആദ്യം സംസാരിച്ചത്. വിലക്കയറ്റവും അഴിമതിയും ഇല്ലാത്ത അഞ്ച് വർഷമാണ് കടന്നുപോയതെന്ന് അമിത് ഷാ പറഞ്ഞു. ആദിവാസികളുടേയും ദളിതരുടേയും സുരക്ഷ മോദി സർക്കാർ ഉറപ്പാക്കി. സാധാരണക്കാരന്റെ ജീവിതനിലവാരം മോദിയുടെ ഭരണകാലത്ത് ഉയർന്നെന്നും, വികസനം വർദ്ധിച്ചെന്നും, എല്ലാ ആറ് മാസത്തിലും ഒരോ പുതിയ പദ്ധതികൾ കൊണ്ടുവന്നെന്നും അമിത് ഷാ അവകാശപ്പെട്ടു.
മോദി ഭരണത്തിൽ ജനങ്ങൾ സുരക്ഷിതരായിരുന്നു. ‘ഞാനും കാവൽക്കാരൻ’ പ്രചാരണം ഫലം കണ്ടുവെന്ന് പറഞ്ഞ അമിത് ഷാ, മേദി ഭരണം വീണ്ടും വരുമെന്നും പ്രത്യാശയും പ്രകടിപ്പിച്ചു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി മാധ്യമങ്ങളോട് സംസാരിച്ചത്. വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്ന് പറഞ്ഞ മോദി ജനങ്ങളുടെ സ്‌നേഹത്തിന് നന്ദി പറയുകയും ചെയ്തു. വളരെ കുറച്ചു വാക്കുകളിലാണ് മോദി കാര്യങ്ങൾ വിശദീകരിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here