അഭിപ്രായ വ്യത്യാസങ്ങൾ ആഭ്യന്തര വിഷയം; അനാവശ്യ ചർച്ചകൾ ഒഴിവാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഉള്ളതായി പറയപ്പെടുന്ന അഭിപ്രായ വ്യത്യാസം തികച്ചും കമ്മീഷന്റെ ആഭ്യന്തര വിഷയമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ. ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന വാഗ്വാദങ്ങളും അനാവശ്യ പരാമർശങ്ങളും നിർബന്ധമായും ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ മാസം 21ന് പ്രത്യേക യോഗം ചേരുമെന്നും അറോറ അറിയിച്ചു. നേരത്ത, പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ തുടങ്ങിയവർക്ക് തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘന വിഷയത്തിൽ ക്ലീൻചിറ്റ് നൽകിയതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുത്തിരുന്നു.
പെരുമാറ്റച്ചട്ട ലംഘനം പരിഗണിക്കുന്ന സമിതി അംഗം കൂടിയായ അശോക് ലവാസയാണ് എതിർപ്പറിയിച്ച് കമ്മീഷന്റെ യോഗങ്ങളിൽ നിന്നും വിട്ടുനിന്നത്. പെരുമാറ്റ ചട്ടലംഘന പരാതികളിൽ ഏകപക്ഷീയമായാണ് മോദിക്കും അമിത്ഷായ്ക്കും ക്ലീൻ ചിറ്റ് നൽകിയതെന്നാണ് ലവാസയുടെ നിലപാട്. ക്ലീൻ ചിറ്റ് നൽകിക്കൊണ്ടുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിൽ ലവാസ നേരത്തേ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.
എന്നാൽ, വിയോജിപ്പ് രേഖപ്പെടുത്തിയിട്ടും അന്തിമ ഉത്തരവിൽ അത് ഉണ്ടായിരുന്നില്ലെന്നാണ് ലവാസ പിന്നീട് വ്യക്തമാക്കിയത്. ലവാസയുടെ നിലപാടിനെതിരെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ നേരത്തെ രംഗത്തെത്തിയിരുന്നു. കമ്മീഷനുള്ളിലെ അഭിപ്രായ വ്യത്യസങ്ങൾ പൊതുചർച്ചയിലേക്ക് കൊണ്ടുവരേണ്ടിയിരുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here