ഇന്ത്യൻ ക്രിക്കറ്റ് ജാതകം തിരുത്തിയ 97; പ്രിയപ്പെട്ട ഗംഭീർ, ഇന്ത്യൻ ക്രിക്കറ്റ് നിങ്ങളോട് കടപ്പെട്ടിരിക്കുന്നു

2011 ലോകകപ്പ് ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ഒരു ഉയിർത്തെഴുന്നേല്പായിരുന്നു. 28 വർഷങ്ങൾ നീണ്ട കാത്തിരിപ്പിനു ശേഷം ഇന്ത്യ ലോകകപ്പിൽ മുത്തമിട്ടത് ആ ലോകകപ്പിലായിരുന്നു. സച്ചിൻ തെണ്ടുൽക്കർ എന്ന ഇതിഹാസത്തിനു നൽകാവുന്ന ഏറ്റവും മികച്ച യാത്രയയപ്പാണ് അന്ന് ഇന്ത്യ നൽകിയത്. വാംഖഡെയിലെ ജനസാഗരത്തിനു മുന്നിൽ ഇന്ത്യ രണ്ടാം വട്ടം വിശ്വവിജയി ആകുമ്പോൾ ഒരിക്കലും മറക്കാൻ കഴിയാത്ത രണ്ട് ഇന്നിംഗ്സുകളാണ് ഇന്ത്യൻ ജേഴ്സിയിൽ പിറന്നത്. എംഎസ് ധോണിയുടെ 91 നോട്ടൗട്ടും ഗൗതം ഗംഭീറിൻ്റെ 97ഉം. ആദ്യത്തെ ഇന്നിംഗ്സ് ഇന്ത്യക്ക് ലോകകപ്പ് നേടിക്കൊടുത്തുവെങ്കിൽ അതിലേക്കുള്ള വഴി സുഗമമാക്കിയത് രണ്ടാമത്തെ ഇന്നിംഗ്സായിരുന്നു.
ക്വാർട്ടറിൽ ഓസ്ട്രേലിയയെയും സെമിഫൈനലിൽ പാക്കിസ്ഥാനെയും തകർത്തായിരുന്നു ഇന്ത്യയുടെ ഫൈനൽ പ്രവേശനം. ഫൈനലിനു മുൻപ് തന്നെ നടന്ന രണ്ട് ഫൈനലുകൾ. മറുവശത്ത് ഇംഗ്ലണ്ടിനെയും ന്യൂസിലൻഡിനെയും തകർത്ത് ശ്രീലങ്കയും ഫൈനലിലേക്ക് ടിക്കറ്റെടുത്തു. ഒരു ഏഷ്യൽ ഫൈനൽ. കരുത്തരായ രണ്ട് ടീമുകൾ. ഏപ്രിൽ രണ്ട് ഞായറാഴ്ചയായിരുന്നു ഫൈനൽ. മുപ്പതിനായിരത്തിലധികം വരുന്ന കാണികൾ മുംബൈ വാംഖഡേ സ്റ്റേഡിയത്തിൽ ചരിത്ര നിമിഷത്തിനു സാക്ഷിയാവാൻ തിങ്ങി നിറഞ്ഞു. കിരീടത്തിലേക്ക് ഒരേയൊരു വിജയം. ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുത്തു.
ഏഴാം ഓവറിൽ ഉപുൽ തരംഗയെയും പതിനേഴാം ഓവറിൽ തിലകരത്ന ദിൽഷനെയും പുറത്താക്കിയ ഇന്ത്യ വളരെ നന്നായി തുടങ്ങി. പിന്നീടായിരുന്നു ശ്രീലങ്ക കണ്ട ഏറ്റവും മികച്ച സ്ട്രോക്ക് മേക്കർമാരിൽ പെട്ട രണ്ട് ഇതിഹാസങ്ങൾ ക്രീസിൽ ഒത്തു ചേരുന്നത്. 60 റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിൽ ഒരു തകർച്ച മുന്നിൽ കാണവേ ക്രീസിലൊത്തു ചേർന്ന കുമാർ സങ്കക്കാരയും മഹേല ജയവർധനയും ചേർന്ന് കെട്ടഴിച്ചത് മനോഹരമായ ഇന്നിംഗ്സായിരുന്നു. 15 വർഷത്തിനു ശേഷമൊരു ലോകകപ്പ് എന്ന ദാഹം ഇരുവരും വാംഖഡെയിൽ റണ്ണുകളായി കെട്ടഴിച്ചപ്പോൾ ഇന്ത്യൻ ബൗളിംഗ് പതറി. 29ആം ഓവറിലാണ് ശ്രീലങ്കയ്ക്ക് മൂന്നാം വിക്കറ്റ് നഷ്ടമാകുന്നത്. ലോകകപ്പിലെ ഗോൾഡൻ ആം യുവി അര സെഞ്ചുറിക്ക് രണ്ട് റൺസ് അകലെ വെച്ച് സങ്കക്കാരയെ പുറത്താക്കി. 62 റൺസിൻ്റെ കൂട്ടുകെട്ടിനു ശേഷം സങ്ക പവലിയനിലേക്ക്. ഇന്ത്യ ഒരു തിരിച്ചു വരവ് മണത്തു. എന്നാൽ മഹേല ജയവർധനെ എന്ന പ്രതിഭാധനനായ ബാറ്റ്സ്മാന് മറ്റു ചില ലക്ഷ്യങ്ങളുണ്ടായിരുന്നു.
അയാൾ സ്കോറിംഗ് ഉത്തരവാദിത്തം ഏറ്റെടുത്തു. കട്ടുകളും ഡ്രൈവുകളും ഫ്ലിക്കുകളുമായി ജയവർധനെ വാംഖഡെയിൽ നിറഞ്ഞാടി. സമരവീരയും കപുഗദരയും വളരെ വേഗം പുറത്തായെങ്കിലും കുലശേഖരയിലൂടെ അയാൾ ശ്രീലങ്കൻ ഇന്നിംഗ്സിനെ മുന്നോട്ടു നയിച്ചു. 48ആം ഓവറിൽ ജയവർധന ഏകദിനത്തിലെ തൻ്റെ 14ആം സെഞ്ചുറി കുറിച്ചു. ഓവറിലെ അവസാന പന്തിൽ 30 പന്തുകളിൽ 32 റൺസെടുത്ത കുലശേഖര പുറത്തായതിനു പിന്നാലെ ക്രീസിലെത്തിയ പെരേര അവസാന രണ്ട് ഓവറിൽ കൊടുങ്കാറ്റായതോടെ ശ്രീലങ്ക 6 വിക്കറ്റിന് 274 എന്ന കൂറ്റൻ സ്കോറിൽ ഇന്നിംഗ്സ് അവസാനിപ്പിച്ചു.
ഒരു ടീമും തങ്ങളുടെ മണ്ണിൽ ലോകകപ്പ് കിരീടം നേടിയിട്ടില്ല എന്ന തിരിച്ചറിവോടെയാണ് ഇന്ത്യ മറുപടി ബാറ്റിംഗ് ആരംഭിച്ചത്. ഇന്നിംഗ്സിലെ രണ്ടാം പന്തിൽ സേവാഗിൻ്റെ വിക്കറ്റെടുത്ത മലിംഗ ഇന്ത്യക്ക് ആദ്യ ഞെട്ടൽ സമ്മാനിച്ചു. ഏഴാം ഓവറിൽ 18 റൺസെടുത്ത സച്ചിനെയും പുറത്താക്കിയ മലിംഗ വാംഖഡെയെ നിശബ്ദതയിലാഴ്ത്തി. ഇന്ത്യൻ ജനത നിരാശയിലേക്ക് കൂപ്പുകുത്തി. പക്ഷേ, തിരക്കഥയിൽ മാറ്റമുണ്ടായിരുന്നു. 30 റൺസിന് രണ്ടു വിക്കറ്റ് എന്ന നിലയിൽ ഗൗതം ഗംഭീറും അന്നത്തെ യുവതാരം വിരാട് കോഹ്‌ലിയും ക്രീസിലൊത്തു ചേർന്നു. ലോകകപ്പിലേക്കുള്ള ഇന്ത്യയുടെ സ്വപ്നങ്ങൾ അവർ തുന്നിച്ചേർക്കാൻ തുടങ്ങി. വിക്കറ്റുകൾക്കിടയിൽ ഓടിയും ഇടക്കിടെ ബൗണ്ടറികൾ കണ്ടെത്തുകയും ചെയ്ത ഇരുവരും വളരെ നിശബ്ദമായി സ്കോർബോർഡ് ചലിപ്പിച്ചു കൊണ്ടിരുന്നു. 19ആം ഓവറിൽ ഗംഭീർ തൻ്റെ 25ആം അർദ്ധസെഞ്ചുറി കുറിച്ചു. ഇന്ത്യ മെല്ലെ നിരാശയിൽ നിന്നുയരാൻ തുടങ്ങി. വീണ്ടും വാംഖഡെയിൽ ഇന്ത്യൻ പതാകകൾ ഉയർന്നു പറക്കാനാരംഭിച്ചു. “ഇന്ത്യാ, ഇന്ത്യാ” വിളികൾ ഉച്ചത്തിലാവാൻ തുടങ്ങി. 22ആം ഓവറിൽ ദിൽഷൻ്റെ വളരെ നിരുപദ്രവകരമായ ഒരു പന്തിൽ കോഹ്‌ലി പുറത്തായി. ഗംഭീറുമായി 83 റൺസിൻ്റെ കൂട്ടുകെട്ടിൽ പങ്കാളിയായതിനു ശേഷമാണ് കോഹ്‌ലി മടങ്ങിയത്.
പിന്നീടായിരുന്നു അപാര ട്വിസ്റ്റ്. തിരക്കഥയിലെവിടെയുമില്ലെന്ന് കരുതിയ ഒരു മരണ മാസ് ട്വിസ്റ്റ്. ‘വിസർഡ് ഓഫ് ദി എമിറാൾഡ് ഐൽ’ അഥവാ മരതകദ്വീപിലെ മന്ത്രവാദി എന്ന് രവി ശാസ്ത്രി വിശേഷിപ്പിച്ച മുത്തയ്യ മുരളീധരൻ്റെ ഓഫ് സ്പിൻ കൗണ്ടർ ചെയ്യാൻ യുവരാജ് സിംഗ് എന്ന ഇടം കയ്യനു പകരം മഹേന്ദ്ര സിംഗ് ധോണി ക്രീസിലേക്ക്. ആ തീരുമാനത്തിൽ നെറ്റി ചുളിച്ചവർ കാണാനിരുന്നത് തൻ്റെ കരിയറിലെ ഏറ്റവും വിലപ്പെട്ട ഒരിന്നിംഗ്സ് കളിച്ച ധോണിയെ ആയിരുന്നു. ധോണിയെ കൂട്ടുപിടിച്ച് ഗംഭീർ വീണ്ടും സ്കോർ ബോർഡ് ചലിപ്പിച്ചു. ടൂർണമെൻ്റിൽ അതുവരെ കാണാത്തൊരു ധോണിയെ വാംഖഡെ കണ്ടതോടെ സ്കോർ ബോർഡിലേക്ക് റൺസൊഴുകി. ഇരുവരും അനായാസം റൺസ് കണ്ടെത്തി. 38ആം ഓവറിൽ ധോണി തൻ്റെ കരിയറിലെ ആദ്യ ലോകകപ്പ് അര സെഞ്ചുറി കുറിച്ചു. ആ കൂട്ടുകെട്ട് നൂറും കടന്ന് കുതിച്ചു. ഇന്ത്യ ലോകകപ്പ് സ്വപ്നം കണ്ടു തുടങ്ങി. വാംഖഡെയിൽ ‘മാ തുഛെ സലാം’ അലയടിച്ചു. 28 വർഷങ്ങൾ നീണ്ട കാത്തിരിപ്പ് അവസാനിപ്പിക്കാൻ ഇന്ത്യൻ ജനത റണ്ണുകളെണ്ണി കാത്തിരുന്നു. അതാ വീണ്ടുമൊരു ട്വിസ്റ്റ്.
42ആം ഓവർ. ധോണി-ഗംഭീർ കൂട്ടുകെട്ട് 109. ഗംഭീർ 97 റൺസ്. ഒരു നിമിഷത്തെ ബ്രെയിൻ ഫേഡ്. തിസാര പെരേര എറിഞ്ഞ ഓവറിലെ രണ്ടാം പന്തിൽ ക്രീസ് വിട്ടിറങ്ങി കളിക്കാനുള്ള ഗംഭീറിൻ്റെ ശ്രമം പിഴച്ചു. ബാറ്റിൻ്റെ അണ്ടർ എഡ്ജിൽ തട്ടിയ പന്ത് വിക്കറ്റ് തെറിപ്പിച്ചു. ഒരൊറ്റ നിമിഷം കൊണ്ട് വാംഖഡെ വീണ്ടും നിശബ്ദമായി. വിക്കറ്റിനിടയിലൂടെയുള്ള ഓട്ടത്തിനിടെ അഴുക്ക് പറ്റിയ ജേഴ്സിയുമായി തല താഴ്ത്തി ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങുന്ന ഗംഭീറിനെ ഏഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് ആ കാണികൾ ആദരിച്ചത്. പുറത്താവുമ്പോൾ ഏറെ ജോലിയൊന്നും ഗംഭീർ ബാക്കി വെച്ചിരുന്നില്ല. ഇന്ത്യക്ക് ജയിക്കാൻ ഒൻപത് ഓവറുകളിൽ വേണ്ടിയിരുന്നത് 52 റൺസാണ്.
തുടർന്ന് ക്രീസിലൊത്തു ചേർന്ന യുവരാജും ധോണിയും ചേർന്ന് 49ആം ഓവറിൽ ഇന്ത്യക്ക് ജയം സമ്മാനിച്ചു. “ആൻഡ്, ധോണി ഫിനിഷസ് ഓഫ് ഇൻ സ്റ്റൈൽ. എ മഗ്നിഫസറ്റ് സ്ട്രൈക്ക് ഇൻ്റു ദ ക്രൗഡ്. ഇന്ത്യ ലിഫ്റ്റ് ദ വേൾഡ് കപ്പ് ആഫ്റ്റർ 28 ഇയേഴ്സ്”- കമൻ്റ് ബോക്സിൽ നിന്ന് രവി ശാസ്ത്രിയുടെ രോമാഞ്ചം നൽകുന്ന വാക്കുകൾ. സ്റ്റേഡിയം ആർത്തലച്ചു. ഇന്ത്യൻ പതാകകൾ പാറിപ്പറന്നു. ഇന്ത്യൻ തെരുവുകളിൽ ആരാധകർ ആഹ്ലാദ നൃത്തം ചവിട്ടി. 91 റൺസുമായി ധോണിയും 21 റൺസുമായി യുവരാജും പുറത്താവാതെ നിന്നു.
ഇന്ത്യയെ വിജയത്തിലെത്തിച്ചത് തീർച്ചയായും ധോണിയാണ്. എന്നാൽ, സച്ചിനും സേവാഗും പുറത്തായി പതറിയ സാഹചര്യത്തിൽ ഗംഭീർ പൊരുതി നേടിയ ആ 97. ആ ഇന്നിംഗ്സിനുമുണ്ട് ഇന്ത്യയുടെ ലോകകപ്പോളം വിജയം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here