പൊലീസ് പോസ്റ്റൽ വോട്ട് തിരിമറി; അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

പൊലീസ് പോസ്റ്റൽ വോട്ട് തിരിമറി ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആരോപണങ്ങളിൽ സ്വതന്ത്ര അന്വേഷണം വേണമെന്നാണ് ഹർജിയിലെ ആവശ്യം.
പൊലീസുകാർക്ക് നൽകിയ മുഴുവൻ പോസ്റ്റൽ ബാലറ്റുകളും റദ്ദാക്കണമെന്നും വീണ്ടും വോട്ട് ചെയ്യാൻ ഹൈക്കോടതി ഇടപെട്ട് സൗകര്യം ഒരുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് പൊലീസ് പോസ്റ്റൽ വോട്ടിനെച്ചൊല്ലി വിവാദങ്ങളുയർന്നിരിക്കുന്ന പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. പോസ്റ്റൽ ബാലറ്റ് തിരിമറിയിൽ നിലവിലെ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും അതിനാലാണ് കോടതിയെ സമീപിച്ചതെന്നും ചെന്നിത്തല പറഞ്ഞു.
എന്നാൽ ഹർജി നിലനിൽക്കില്ലെന്നും ഐജിയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുകയാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ കോടതിയെ അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ ഇടപെടാൻ ഹൈക്കോടതിക്ക് അനുമതി ഇല്ലെന്നും കമ്മീഷൻ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here