വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷ പരിശോധിക്കാൻ പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കും നിർദേശം നൽകിയെന്ന് കെ.സി വേണുഗോപാൽ

വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷ പരിശോധിക്കാൻ പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കും നിർദേശം നൽകിയതായി കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ലീഗൽ ടീം ഉണ്ടാകുമെന്നും വേണുഗോപാൽ വ്യക്തമാക്കി. പല സംസ്ഥാനങ്ങളിലും വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂമുകളിൽ തിരിമറികൾ നടക്കുന്നതായുള്ള റിപ്പോർട്ടുകൾ വരുന്ന സാഹചര്യത്തിലാണ് കോൺഗ്രസ് ജനറൽ സെക്രട്ടറിയുടെ പ്രതികരണം.
Read Also; വോട്ടിങ് യന്ത്രത്തിൽ തട്ടിപ്പ് നടത്താനുള്ള തന്ത്രങ്ങളാണ് എക്‌സിറ്റ് പോൾ ഫലങ്ങളെന്ന് മമത
മധ്യപ്രദേശിലും കർണാടകയിലും സർക്കാരുകളെ വീഴ്ത്താനുള്ള ബിജെപിയുടെ ശ്രമം വിജയിക്കില്ലെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. ഇരു സംസ്ഥാനങ്ങളിലും സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കങ്ങളാണ് ബിജെപി നടത്തുന്നത്. എക്‌സിറ്റ് ഫോൾ ഫലങ്ങളുടെ അടിസ്ഥാനത്തിൽ എംഎൽഎമാരെ ചാക്കിട്ട് പിടിക്കാനുള്ള ശ്രമങ്ങളുണ്ട്.
എന്നാൽ മധ്യപ്രദേശിലും കർണാടകയിലും സർക്കാർ താഴെ വീഴാൻ പോകുന്നില്ലെന്നും വേണുഗോപാൽ വ്യക്തമാക്കി. കേരളത്തിൽ യുഡിഎഫിന്റെ മുന്നേറ്റം സ്വാഭാവികമാണ്. എക്‌സിറ്റ് പോൾ ബിജെപിക്ക് വേണ്ടിയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.എക്‌സിറ്റ് പോൾ ഫലങ്ങൾ പൂർണമായും വിശ്വസിക്കുന്നില്ല. ആലപ്പുഴയിൽ എക്‌സിറ്റ് പോൾ ഫലങ്ങൾ തെറ്റുമെന്നും യുഡിഎഫ് ഇവിടെ വൻ വിജയം നേടുമെന്നും കെ.സി വേണുഗോപാൽ കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here